ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ സർക്കാർ സ്‌കൂളില്‍ 'ഉയര്‍ന്ന' ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെ ദലിത് പാചകക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കി അധികൃതര്‍. ഇവര്‍ക്ക് പകരം ' ഉയർന്ന' ജാതിയില്‍പ്പെട്ട യുവതിയെ നിയമിച്ചു. ചമ്പാവത് ജില്ലയിലെ സുഖി ദാങ് ഗവ. സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതി ഉണ്ടാക്കുന്ന ഉച്ചഭക്ഷണം കഴിക്കാന്‍ സ്‌കൂളിലെ 43 വിദ്യാര്‍ഥികള്‍ വിസമ്മതിക്കുകയായിരുന്നു. 66 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ ആകെയുള്ളത്. ഇതിന് പിന്നാലെയാണ് യുവതിയെ പിരിച്ചുവിട്ടത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവരെ സ്‌കൂളില്‍ നിയമിച്ചതെന്നും അതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടതെന്നുമാണ് ചമ്പാവത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിലെ 23 ദലിത് വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം കഴിയ്ക്കാന്‍ വിസമ്മതിച്ചു. ഇതിന് പിന്നാലെ, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും ഒരാഴ്‌ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ചമ്പാവത് ജില്ല മജിസ്‌ട്രേറ്റ് വിനീത് തോമര്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി.
യുവതിയുടെ ഭരണഘടന അവകാശം പുനസ്ഥാപിക്കുന്നതിനായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് രാജ്യസഭ എംപി പ്രദീപ് താംത പറഞ്ഞു. ദലിത് യുവതിയെ ജോലിയില്‍ തിരികെ എടുത്തില്ലെങ്കില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിങ് ധാമിയെ ഘരാവോ ചെയ്യുമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ പ്രതികരിച്ചു.