കന്നൗജ് (ഉത്തര്‍ പ്രദേശ്): ഗണേശ വിഗ്രഹത്തെ തൊട്ടതിന് ദലിത് ബാലന്‍ ക്രൂര മര്‍ദനം. യുപിയിലെ കന്നൗജ് ജില്ലയിലെ സദർ കോട്‌വാലിയിലാണ് ഗണേശ വിഗ്രഹത്തിന്‍റെ പാദത്തില്‍ സ്‌പര്‍ശിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ദളിത് ബാലന് ഗണേശ് ചതുര്‍ഥി സംഘാടകരുടെ മര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടിയും പിതാവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബുധനാഴ്‌ച (07.09.2022) രാത്രിയായിരുന്നു സംഭവം. പ്രദേശവാസിയായ രാജേഷ് ഗൗതമിന്റെ മകൻ സണ്ണി ഗൗതം സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടക്ക് കുട്ടി ഗണേശ വിഗ്രഹത്തിന്റെ പാദങ്ങളിൽ തൊട്ടു. ഇതോടെ സംഘാടകരിലൊരാളായ ബബ്ബൻ ഗുപ്ത ഇതിൽ രോഷാകുലനായി. ഇത് കണ്ടെത്തിയ ബബ്ബന്‍ ഗുപ്‌തയുടെ മക്കളായ പ്രമിത് ഗുപ്തയും മോഹർ സിങ്ങും ചേര്‍ന്ന് കുട്ടിയെ മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തിനിരയായ കുട്ടി പിതാവിനെ അറിയിച്ചതോടെ ഇവര്‍ രണ്ടുപേരുമൊന്നിച്ച് കോട്‌വാലിയിലെ പൊലീസ് സ്‌റ്റേഷനിലെത്തി അക്രമികള്‍ക്കെതിരെ പരാതി നല്‍കി. കുട്ടിയുടെ വൈദ്യ പരിശോധന നടത്തിയതിനു ശേഷം സംഭവം അന്വേഷിക്കുകയാണെന്ന് കോട്‌വാലി പൊലീസ് സ്‌റ്റേഷന്‍ ഇൻചാർജ് അലോക് കുമാർ ദുബെ പറഞ്ഞു. അതേസമയം, കുട്ടിയുടെ പിതാവ് മദ്യപിച്ച് കയറിവന്നതാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നാണ് ബബ്ബന്‍ ഗുപതയുടെ വീട്ടുകാർ പറഞ്ഞു.
അതേസമയം, ഉത്തർപ്രദേശില്‍ തന്നെയുള്ള ശ്രീവാസ്‌തയിലുള്ള ജമുൻഹ തഹസിൽ കോംപ്‌ളക്‌സിലെ കുടിവെള്ള പാത്രത്തില്‍ തൊട്ടതിന് ദലിതനായ പിതാവിനെയും മകനെയും സപ്ലൈ ഇൻസ്‌പെക്‌ടറും ക്ലർക്കും ചേർന്ന് മർദിച്ചു. ഭക്ഷ്യ വകുപ്പിന്റെ ഓഫിസിൽ റേഷൻ കാർഡ് സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി പോയ വൃദ്ധൻ മേശയിലുണ്ടായിരുന്ന പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കാൻ ശ്രമിച്ചു. വെള്ളക്കുപ്പിയിൽ തൊട്ടയുടനെ സപ്ലൈ ഇൻസ്‌പെക്‌ടർക്ക് ദേഷ്യം വരികയും ഇയാളും ക്ലര്‍ക്കും ചേർന്ന് വൃദ്ധനെ മർദിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ചതോടെയാണ് മകനും മര്‍ദ്ദനമേല്‍ക്കുന്നത്.
സംഭവത്തിന് പിന്നാലെ മര്‍ദ്ദനമേറ്റ വൃദ്ധന് പിന്തുണയുമായി അഭിഭാഷക സംഘവും രംഗത്തെത്തി. ഇതിനിടെ സപ്ലൈ ഇൻസ്പെക്‌ടറും അഭിഭാഷകരും തമ്മിലും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം നടത്തി. മര്‍ദ്ദനമേറ്റ പിതാവിനെയും മകനെയും ചികിത്സക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.