കൊൽക്കത്ത: യാസ് ചുഴലിക്കാറ്റിനെത്തുടർന്ന് ഒഡിഷ-പശ്ചിമ ബംഗാൾ തീരത്ത് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ല ഭരണകൂടം പ്രദേശവാസികളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി. ബലാസോറിനടുത്ത് പരദീപിനും സാഗർ ദ്വീപിനുമിടയിൽ യാസ് ചുഴലിക്കാറ്റ് മെയ് 26ന് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. ചുഴലിക്കാറ്റിന് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അഭയ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് അഭ്യർത്ഥിച്ചു.
"കൊവിഡുമായി രാജ്യം പോരാടുന്ന സമയത്ത് യാസ് ചുഴലിക്കാറ്റിന്‍റെ രൂപത്തിൽ മറ്റൊരു വെല്ലുവിളി വന്നിരിക്കുകയാണ്. ചുഴലിക്കാറ്റിന് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരും അഭയ കേന്ദ്രങ്ങളിലേക്ക് മാറാനും ഭരണകൂടവുമായി സഹകരിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു", പട്‌നായിക് പറഞ്ഞു. യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ, പുനരധിവാസ, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒഡിഷ സർക്കാർ മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി അഡീഷണൽ സെക്രട്ടറി ഇന്ദ്രമണി ത്രിപാഠി ഔദ്യോഗിക വാർത്ത കുറിപ്പിൽ അറിയിച്ചു. ബലാസോറിനടുത്ത് പരദീപിനും സാഗർ ദ്വീപിനുമിടയിൽ യാസ് ചുഴലിക്കാറ്റ് മെയ് 26ന് തീരം തൊടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
കൂടുതൽ വായിക്കാന്‍: ഒഡിഷയില്‍ 165 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യത