അഹമ്മദാബാദ് : ബിപർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിലെ എട്ട് തീരദേശ ജില്ലകളില്‍ താമസിക്കുന്ന 94,000 ത്തിലധികം ആളുകളെ അധികൃതർ താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു . ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്ത് എത്തുമെന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോർട്ട്. കച്ച് - 46,800 ദ്വാരക - 10,749, ജാംനഗര്‍ - 9,942 മോർബി -9,243 രാജ്‌കോട്ട് - 6,822,ജുനഗഡ് - 4,864, പോർബന്തര്‍ - 4,379, ഗിർ സോമനാഥ് - 1,605 എന്നിങ്ങനെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയവരിൽ 8,900 കുട്ടികളും 1,131 ഗർഭിണികളും 4,697 പ്രായമായവരുമുണ്ട്. എട്ട് ജില്ലകളിൽ 1,521 ഷെൽട്ടറുകളാണ് അഭയാർഥികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ കൃത്യമായ ഇടവേളകളിൽ മെഡിക്കൽ സംഘങ്ങളും അഭയകേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ട്.
മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് ഇന്ന് വൈകുന്നേരത്തോടെ കരതൊടും. അർധരാത്രി വരെ ചുഴലിക്കാറ്റിന്‍റെ പ്രഭാവം കരയിലുണ്ടാകുമെന്നാണ് ഐഎംഡി അറിയിച്ചിട്ടുള്ളത്. ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴ ഉണ്ടാകുമെന്നും ഇത് മൂലം കച്ച്, ദേവഭൂമി ദ്വാരക, പോർബന്തർ, ജാംനഗർ, മോർബി ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാമെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൈകോർത്ത് സായുധ സേന : ദേശീയ ദുരന്ത നിവാരണ സേനയുടെ 15 ടീമുകൾ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 12 ടീമുകൾ, ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, അതിർത്തി രക്ഷാസേന എന്നിവയിലെ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് പ്രത്യേക വിന്യാസങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്ക് പുറമെ പാകിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയിൽ നിന്ന് 62,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സിന്ധിലെ തട്ട ജില്ലയിലെ കേതി ബന്ദർ തുറമുഖത്തിനും ഇന്ത്യയിലെ കച്ച് ജില്ലയ്‌ക്കും ഇടയിൽ ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്.
ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും കാറ്റും : ചുഴലിക്കാറ്റ് കരയിലേയ്‌ക്കെത്തുമ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തീരപ്രദേശങ്ങളിൽ അധികൃതർ കഠിന പരിശ്രമത്തിലാണ്. നിലവിൽ സൗരാഷ്‌ട്ര - കച്ച് മേഖലകളിൽ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. ബിപർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്ത്, കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്‌ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഗോവ, ദാമൻ ദിയു, ലക്ഷദ്വീപ്, ദാദർ, നാഗരാജുൻ ഹവേലി എന്നിവിടങ്ങളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് ഗുജറാത്തിൽ പലയിടത്തും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുടെ തീവ്രത വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
രക്ഷാപ്രവർത്തനത്തിനായി നാല് കപ്പലുകളെയും ഇന്ത്യൻ നാവികസേന വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ പോർബന്തറിലും ഓഖയിലും അഞ്ച് വീതം സംഘങ്ങളും വൽസുരയിൽ 15 ടീമുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുണ്ട്. ഗുജറാത്തിലേക്കുള്ള അടിയന്തര ഗതാഗതത്തിനായി ഹെലികോപ്‌റ്ററുകളും നിലയുറപ്പിച്ചിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കി ഭരണകൂടം : ഇന്നലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ വിലയിരുത്തി തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്‌തിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചുഴലിക്കാറ്റിന്‍റെ ആഘാതം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ പരിശോധിച്ചു. ബിപർജോയ് ചുഴലിക്കാറ്റിനെ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകൾ വിമാനത്താവള അധികൃതരും പൂർത്തിയാക്കി.
also read :Cyclone Biparjoy | ബിപർജോയ് ഇന്ന് കരതൊടും; 74,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു, അതീവ ജാഗ്രതയിൽ ഗുജറാത്ത്
നിലവിൽ സംസ്ഥാനത്ത് വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങളിൽ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ഇന്ധനങ്ങള്‍ സംഭരിച്ചിട്ടുണ്ട്. മണിക്കൂറിൽ 125-135 കി.മീ മുതൽ 145 കി. മീ വരെ വേഗതയിൽ കാറ്റ് കരയിലേയ്‌ക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തീരത്തിന്‍റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെയാണ് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുള്ളത്.
ഇന്ത്യൻ ആർമി അധികൃതരും സിവിൽ അഡ്‌മിനിസ്‌ട്രേഷനും എൻഡിആർഎഫ് ടീമുകളും സംയുക്തമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഗുജറാത്തിലെ ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫിസർ വിംഗ് കമാൻഡർ എൻ മനീഷ് അറിയിച്ചു. ജഖൗ തുറമുഖത്തിന് സമീപം ബിപർജോയ് ചുഴലിക്കാറ്റ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ദ്വാരക ജില്ലയിലെ പ്രശസ്‌തമായ ദ്വാരകാധീഷ് ക്ഷേത്രം ഇന്ന് അടച്ചിടാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു. ഭക്തരെ ക്ഷേത്രപരിസരത്തേക്ക് പ്രവേശിപ്പിക്കില്ലെങ്കിലും പൂജാരിമാർ ദിവസേനയുള്ള ചടങ്ങുകൾ നടത്തും. ഇത് ഭക്തർക്ക് ക്ഷേത്ര വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും തത്സമയം കാണാം.
ഭയന്ന് മുംബൈയും : 'ഗേറ്റ്‌വേ ഓഫ് ഇന്ത്യ' യിൽ ഇന്നലെ മുതൽ കടൽ പ്രക്ഷുബ്‌ധമാണ്. ഇതേ തുടർന്ന് ശക്തമായ വേലിയേറ്റം അനുഭവപ്പെട്ടിരുന്നു. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തെ തുടർന്ന് നഗരത്തിൽ പലയിടത്തും തുടർച്ചയായ മഴ ലഭിച്ചു.