ന്യൂഡല്‍ഹി: രാജ്യത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രജീഷ് ഭൂഷണ്‍. ഇക്കാര്യം കാണിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അദ്ദേഹം കത്ത് നല്‍കി. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കമെന്നാണ് കേന്ദ്രത്തിന്‍റ നിര്‍ദ്ദേശം. രാജ്യത്ത് അതിതീവ്ര കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
യുകെയില്‍ നിന്നും തിരിച്ചെത്തിയ 107 പേരില്‍ 20 പേര്‍ക്ക് നിലവില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ആറ് പേരില്‍ രൂപമാറ്റം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യമാണ് കണ്ടത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണം. പ്രാദേശിക തലങ്ങളില്‍ ആഘോഷങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡസംബര്‍ 31നും ജനുവരി ഒന്നിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. നിലവില്‍ യുകെയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തിരിക്കുകയാണ്.
ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്), ദേശീയ ടാസ്‌ക് ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ (ജെഎംജി) ശുപാർശകളെ തുടര്‍ന്നാണ് തീരുമാനം. പുതിയ യുകെ വേരിയെന്‍റിന്‍റെ സാന്നിധ്യം ഡെൻമാർക്ക്, നെതർലാന്‍സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ജർമ്മനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ എന്നിവിടങ്ങളില്‍ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.