മുംബൈ : ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചതില്‍, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉൾപ്പടെ മൂന്ന് പേരെ കോടതി എൻസിബി കസ്റ്റഡിയിൽ വിട്ടു. ഒക്‌ടോബർ നാല് വരെയാണ് കസ്റ്റഡി കാലാവധി. ആര്യൻ ഖാൻ, മുൻമുൻ ദാമേച്ച, അർബാസ് മെർച്ചറ്റ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആർ കെ രാജഭോസാലെയുടെ പ്രത്യേക അവധിക്കാല കോടതിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു.
അന്വേഷണം പ്രാരംഭ ഘട്ടത്തിൽ
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും മയക്കുമരുന്ന് വിതരണക്കാരനെ പിടികൂടാൻ കൂടുതൽ റെയ്‌ഡുകൾ നടത്തേണ്ടി വരുമെന്നും എൻസിബിക്ക് വേണ്ടി അഭിഭാഷകൻ അദ്വയ്‌ത് സേത്‌ന കോടതിയിൽ വ്യക്തമാക്കി.
അന്വേഷണത്തിന്‍റെ ഭാഗമായി രണ്ട് ദിവസം മൂവരെയും കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മൂവരെയും ഒക്‌ടോബർ നാല് വരെ എൻസിബി കസ്റ്റഡിയിൽ വിട്ടത്.
ആര്യൻ സംഗീത പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തിയാണെന്നും ഇയാളിൽ നിന്ന് മയക്കുമരുന്നുകൾ ഒന്നും കണ്ടെടുത്തിട്ടില്ലെന്നും ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കുന്ന ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ആര്യന് വേണ്ടി ഹാജരായ അഭിഭാഷകൻ സതീഷ് മനേഷിന്ദെ വാദിച്ചു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് ആര്യനെ അറസ്റ്റ് ചെയ്‌തിരിക്കുന്നതെന്നും തിങ്കളാഴ്‌ച ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും സതീഷ് വ്യക്തമാക്കി.
ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി
ആഡംബര കപ്പലായ കോർഡെലിയ ക്രൂയിസിലാണ് ലഹരിപ്പാര്‍ട്ടി. ഫാഷൻ ടിവിയോടൊപ്പം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ സഹകരണത്തിലായിരുന്നു വിരുന്ന്. യാത്രക്കാരെന്നെ വ്യാജേന കപ്പലിൽ കയറിയ ഉദ്യോഗസ്ഥർ തുടർന്ന് കപ്പലിൽ റെയ്‌ഡ് നടത്തുകയായിരുന്നു.
എൻസിബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊക്കെയ്ൻ, ഹാഷിഷ്, എം.ഡി തുടങ്ങി നിരോധിത ലഹരി മരുന്നുകളാണ് കണ്ടെടുത്തത്. കപ്പലിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലരുടെ ലഗേജുകളും എന്‍.സി.ബി പിടിച്ചെടുത്തിട്ടുണ്ട്.
READ MORE: ആഡംബര കപ്പലിലെ ലഹരിവിരുന്ന് : ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍