ന്യൂഡൽഹി: നക്‌സൽ ബാധിത പ്രദേശങ്ങളിൽ അത്യാധുനിക ഡ്രോണുകൾ വിന്യസിക്കാൻ സിആർപിഎഫ് തീരുമാനം. കൂടുതൽ സമയം പറക്കാൻ കഴിയുന്നതും ഹൈ ഡെഫനിഷൻ വീഡിയോകൾ പകർത്താൻ കഴിയുന്നതുമായ ഡ്രോണുകളാണ് വിന്യസിക്കുക. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഛത്തീസ്‌ഗഡിലെ സുക്‌മ, ദന്തേവാഡ, ബിജാപൂർ തുടങ്ങിയ റെഡ് സോൺ പ്രദേശങ്ങളിൽ 14 പുതിയ ഡ്രോണുകൾ എത്തിക്കുമെന്നും സിആർപിഫ് അറിയിച്ചു.
മൈക്രോ യുഎവി എ410 എന്ന ഡ്രോണാണ് വിന്യസിക്കുന്നത്. ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെ ഡിജിറ്റൽ എൻക്രിപ്റ്റ് ചെയ്‌ത കമ്മ്യൂണിക്കേഷൻ ലിങ്ക് ഉപയോഗിച്ച് സ്വയം പ്രവർത്തിക്കാൻ കഴിയുന്ന ഡ്രോണുകളാണിത്. ഇവയ്‌ക്ക് അഞ്ച് കിലോമീറ്റർ പറക്കൽ ശേഷിയും ഒരു മണിക്കൂർ തുടർച്ചയായി പറക്കാനുള്ള സാങ്കേതികതയും ഉണ്ട്. നിലവിൽ ഉപയോഗിക്കുന്ന ഡ്രോണുകളുടെ പറക്കൽ പരിധി നാല് കിലോമീറ്റർ മാത്രമാണ്.