ബഗലകോട്ട് (കർണാടക): ബഗലകോട്ട് ജില്ലയിൽ വ്യാഴാഴ്‌ച കിണറ്റിൽ കണ്ടെത്തിയ മുതലയെ രക്ഷപ്പെടുത്തി. ബനഹട്ടി താലൂക്കിന് സമീപമുള്ള കുലഹള്ളി ഗ്രാമത്തിലെ കിണറ്റിലാണ് ഏഴടി നീളമുള്ള മുതലയെ കണ്ടെത്തിയത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് മുതലയെ രക്ഷിച്ചത്.
ഗ്രാമത്തിനോട് ചേർന്ന് കൃഷ്‌ണ നദി ഒഴുകുന്നുണ്ട്. ഇവിടെ നിന്നും ഭക്ഷണം തേടിയെത്തിയപ്പോൾ മുതല കിണറ്റിൽ വീണതാകാമെന്ന് കരുതുന്നു. മൂന്ന് ദിവസം മുൻപ് സദാശിവ തേലിയുടെ ഫാമിലെ കിണറ്റിൽ മുതലയെ കണ്ടിരുന്നു.
പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കിണറ്റിലെ വെള്ളം വറ്റിച്ച് തെരച്ചിൽ നടത്തിയെങ്കിലും മുതലയെ കണ്ടെത്താനായില്ല. സദാശിവ തേലിയുടെ കിണറ്റിൽ നിന്നും മുതല 300 മീറ്റർ അകലെയുള്ള ബാബുറാവു സിന്ധിയുടെ തോട്ടത്തിലെ കിണറ്റിലേക്കിറങ്ങി. ബാബുറാവു നിലം നനയ്‌ക്കാൻ കിണറ്റിലിറങ്ങിയപ്പോഴാണ് മുതലയെ കണ്ടത്.
തുടർന്ന് മത്സ്യത്തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്തി മുതലയെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് അയക്കുകയായിരുന്നു. പ്രദേശത്തെ മുതലയുടെ സാന്നിധ്യം കൃഷ്‌ണ നദിക്കരയിൽ താമസിക്കുന്നവരിലും കർഷകരിലും ആശങ്ക പരത്തിയിട്ടുണ്ട്. സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.