അസമിലെ ജോര്‍ഹട്ടില്‍ നിന്നും 44 കിലോമീറ്റര്‍ അകലെ ഗോരാജാനിലെ ശ്‌മശാനം മതസൗഹാര്‍ദ്ദത്തിന് മാതൃകയായി മാറിയിരിക്കുകയാണ്. ഹിന്ദു-മുസ്ലീം-ക്രിസ്‌ത്യന്‍ മത വിത്യാസമില്ലാതെ മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിക്കുന്നുവെന്നതാണ് ഈ ശ്‌മശാനത്തിന്‍റെ പ്രത്യേകത. ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുമ്പോള്‍ മുസ്ലീം-ക്രിസ്‌ത്യന്‍ മത വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ കുഴിച്ചിടും. അനേകം ദശാബ്‌ദങ്ങളായി ഇത് തുടര്‍ന്നു വരുന്നു.
ജോര്‍ഹട്ട് ജില്ലയില്‍ ടിട്ടാബാര്‍ സബ്-ഡിവിഷന് കീഴിലാണ് ഗോരാജാനിലെ ഈ ശ്‌മശാനം. രാജ്യത്താകെ മത അസഹിഷ്‌ണുതകള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ശ്‌മാശാനം വേറിട്ട് നില്‍ക്കുന്നത്. ഒന്‍പത് ദശാബ്‌ദത്തിലധികമായി ഗോരാജാനിലെ ഭൂമിയില്‍ ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യാനിക്കും ഓരേപോലെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്നു. ഇതുവരെ ഈ ശ്‌മശാനത്തെച്ചൊല്ലി പ്രദേശവാസികള്‍ പരാതികള്‍ ഉന്നയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ എല്ലാ ആചാരങ്ങളും പാലിച്ചാണ് മൂന്ന് മതങ്ങളില്‍ പെട്ട ആളുകള്‍ തങ്ങളുടെ മരിച്ചുപോയ ഉറ്റവരുടെ മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിക്കുന്നത്. എല്ലാ മത വിഭാഗത്തില്‍ പെട്ട ആളുകളും ഇവിടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നു.
രാജ്യത്തെല്ലായിടത്തും ഓരോ മത വിഭാഗങ്ങള്‍ക്ക് പ്രത്യേകം ശ്‌മാശനങ്ങളാണ്. എന്നാല്‍ ജോര്‍ഹട്ടിലെ ഈ ശ്‌മാശാനം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഗോരാജാനിലെ ജനങ്ങള്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ഈ അനുപമമായ രീതി ഇവരുടെ പൂര്‍വികര്‍ 1933 മുതല്‍ ആരംഭിച്ചതാണ്. മതത്തിന്‍റെ പേരിലുള്ള പ്രശ്‌നങ്ങള്‍ ഈ ശ്‌മശാനത്തെ ഇതുവരെ ബാധിച്ചിട്ടില്ല.