ഹൈദരാബാദ് : തെലങ്കാനയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിന്‍വലിച്ചതോടെ സംസ്ഥാനത്തെ മെട്രോ സർവീസുകൾ ജൂൺ 21ന് പുനരാരംഭിക്കും. രാവിലെ 7 മുതൽ രാത്രി 9 വരെയാവും പ്രവർത്തി സമയം. എന്നാൽ കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾക്ക് മാറ്റമില്ല.
തെലങ്കാനയിൽ കൊവിഡ് കേസുകൾ വർധിച്ചതിനെത്തുടർന്നാണ് സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. രോഗവ്യാപനം സംസ്ഥാനത്ത് പൂർണമായും നിയന്ത്രണവിധേയമാണെന്ന ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിനെത്തുടർന്നാണ് തീരുമാനം.
യാത്ര സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നതായി ഹൈദരാബാദ് മെട്രോ റെയിൽ സർവീസ് അധികൃതർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തെലങ്കാനയിൽ 1417 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 12 പേർ രോഗം ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
കൂടുതൽ വായിക്കാന്‍: ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ച് തെലങ്കാന
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം നിലവിൽ സംസ്ഥാനത്ത് 19,029 സജീവ കേസുകളുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 5,88,259 ആണ്. ജൂലൈ 1 മുതൽ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.