ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 1663 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7,68,340 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 18 പേര്‍ കൂടി തമിഴ്‌നാട്ടില്‍ കൊവിഡ് മൂലം മരിച്ചു. ചെന്നൈ നഗരത്തില്‍ പുതുതായി 486 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിലെ കൊവിഡ് രോഗികളുടെ എണ്ണം 21,10,34 ആയി. കഴിഞ്ഞ ദിവസം 69,190 സാമ്പിളുകള്‍ പരിശോധിച്ചു. ഇതോടെ സംസ്ഥാനത്ത് 1,14,70,429 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി.
കഴിഞ്ഞ ദിവസം 2133 പേര്‍ കൊവിഡ് രോഗവിമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗവിമുക്തി നേടിയത് 7,43,838 പേരാണ്. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം 12,916 പേര്‍ നിലവില്‍ ചികില്‍സയില്‍ തുടരുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളിലായി സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണ്. നേരത്തെ രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌ത സംസ്ഥാനങ്ങളിലൊന്നായിരുന്നു തമിഴ്‌നാട്.