ഹൈദരാബാദ്: കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരോട് 14 ദിവസം ഐസൊലേഷനില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ആരോഗ്യ വകുപ്പ്. തെലങ്കാനയിൽ കൊവിഡ് -19 കേസുകൾ വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഉത്തരാഖണ്ഡിലെ കുംഭമേളയിൽ നിന്ന് മടങ്ങിവരുന്നവര്‍ക്ക് വകുപ്പ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവരോട് ഉടനടി പരിശോധന നടത്തണമെന്നും സഹായത്തിനായി സംസ്ഥാനത്തെ അത്യാഹിത ആരോഗ്യ സേവന നമ്പറായ 104 ല്‍ ബന്ധപ്പെടണമെന്നും വകുപ്പ് അറിയിച്ചു. ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രധാന ഹിന്ദു തീർഥാടന ചടങ്ങായ കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങളായ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ പരസ്യമായി ഭക്തര്‍ ലംഘിച്ചത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.