ന്യൂഡൽഹി: കൊവിഡിന് മുന്നിൽ വിറങ്ങലിച്ച് രാജ്യ തലസ്ഥാനം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 24 മണിക്കൂറിനിടെ 24ൽ നിന്നും 30 ശതമാനമായി. ഡൽഹിയിൽ ഇനി അവശേഷിക്കുന്നത് 100ൽ താഴെ ഐസിയു ബെഡുകൾ മാത്രവും. 7000 ബെഡുകളെങ്കിലും ഡൽഹിയിലെ കൊവിഡ് രോഗികൾക്കായി നൽകാൻ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഓക്സിജൻ ക്ഷാമം നേരിടുന്നതും ഡൽഹിയുടെ സ്ഥിതി നിയന്ത്രണാതീതമാകുന്നതിന് ആക്കം കൂട്ടുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഡൽഹിയുടെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായും ഓക്സിജന്‍റെയും ബെഡുകളുടേയും അടിയന്തരമായ ആവശ്യം സൂചിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്‍റേതുൾപ്പെടെ 10000 ബെഡുകളാണ് ഡൽഹിയിലുള്ളത്. അതിൽ 1,800 ബെഡുകളാണ് കൊവിഡ് രോഗികൾക്കുള്ളത്. ഡൽഹി സർക്കാർ 2-3 ദിവസങ്ങൾക്കുള്ളിൽ തന്നെ 6000 ഓക്സിജൻ ബെഡുകൾ തയാറാക്കുമെന്നും യമുന സ്പോർട്സ് കോംപ്ലക്സ്, കോമൺ വെൽത്ത് ഗെയിംസ് വില്ലേജ് സ്പോർട്സ് കോംപ്ലക്സ്, രാധ സോമി സത്‌സങ് ബിയാസ്, വിവിധ സ്‌കൂളുകൾ എന്നിവിടങ്ങളിലും ഓക്സിജൻ കിടക്കകൾ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.