ഭുവനേശ്വർ: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കൊവിഡ് ലോക്ക്ഡൗൺ ജൂലൈ ഒന്ന് വരെ നീട്ടി. ഭാഗികമായി മാത്രമാണ് ലോക്ക്ഡൗൺ നീട്ടിയത്. ദക്ഷിണ, ഉത്തര ജില്ലകളിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചോ അതിൽ താഴെയുള്ളതോ ആയ സംസ്ഥാനങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിലെ അവശ്യ സേവന സർവീസ് ഷോപ്പുകൾക്ക് രാവിലെ ആറ് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി സുരേഷ് ചന്ദ്ര മഹാപാത്ര ഉത്തരവിൽ പറയുന്നു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിൽ രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. അതേ സമയം പൊതുഗതാഗത സൗകര്യങ്ങൾ അനുവദിച്ചിട്ടില്ല.
കല്യാണം, മരണം, സംസ്‌കാരം, യോഗങ്ങൾ, സാമൂഹ്യ ഒത്തുചേരലുകൾ തുടങ്ങിയവക്ക് നിരോധനം നിലവിലുണ്ട്. കൂടാതെ പാർക്കുകൾക്കും ജിമ്മുകൾക്കും പ്രവർത്തനാനുമതിയില്ല. ഓട്ടോമൊബൈൽ റിപ്പയറിങ്, സൈക്കിൾ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും. തിങ്കൾ മുതൽ വെള്ളി വരെയാകും അവശ്യ സേവനം ഉൾപ്പടെയുള്ളവക്ക് പ്രവർത്തനാനുമതി. ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഈ സേവനങ്ങൾക്ക് അടക്കം വിലക്കുണ്ട്.