ന്യൂഡൽഹി: വോട്ടെണ്ണലിനുശേഷമുള്ള ആഘോഷങ്ങൾ നിരോധിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. രാജ്യത്ത് കൊവിഡ് രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ മറ്റുള്ളവരെ സഹായിക്കാനായി ബിജെപി പ്രവർത്തകൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. മെയ് രണ്ടിന് വോട്ടെണ്ണലിന് ശേഷമുള്ള ആഘോഷങ്ങളും ഘോഷയാത്രകളും നിരോധിച്ച ഇസിഐയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം കർശനമായി പാലിക്കാൻ എല്ലാ സംസ്ഥാന യൂണിറ്റുകൾക്കും നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കൂടുതൽ കർശനമാക്കുമെന്നും വോട്ടെണ്ണലിനുശേഷമുള്ള വിജയാഘോഷങ്ങൾ അനുവദിക്കില്ലെന്നും ഇസി നേരത്തെ വ്യക്തമാക്കിയിരുന്നു. വിജയിച്ച സ്ഥാനാർഥിക്കൊപ്പം തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിനായി രണ്ടിൽ കൂടുതൽ പേരെ അനുവദിക്കില്ലെന്നും ഇസി വ്യക്തമാക്കിയിരുന്നു.
കൂടുതൽ വായനയ്‌ക്ക്: വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടന്നപ്പോൾ പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് തുടരുകയാണ്. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഏപ്രിൽ 29ന് സമാപിക്കും. അതേസമയം തെരഞ്ഞെടുപ്പ് റാലികളും മറ്റും അനുവദിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പൂര്‍ണ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു.