വിശാഖപട്ടണം : കൊവിഡ് പ്രതിരോധത്തിനായി പുരോഗമിക്കുന്ന ഓപ്പറേഷൻ സമുദ്രസേതു II ന്‍റെ ഭാഗമായി ബ്രൂണൈയിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുള്ള മെഡിക്കൽ ഉപകരണങ്ങളുമായി ഐഎൻഎസ് ജലാശ്വ വിശാഖപട്ടണത്തെത്തി. ഓക്സിജൻ സിലിണ്ടറുകളും വെന്‍റിലേറ്ററുകളും ഉൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളാണ് കപ്പലിലുള്ളത്. 3,650 ഓക്സിജൻ സിലിണ്ടറുകളും 39 വെന്‍റിലേറ്ററുകളുമാണ് ഇരു രാജ്യങ്ങളില്‍ നിന്നുമായി ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഇവ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഏജൻസികൾക്കും എൻജിഒകള്‍ക്കും കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
also read: ആരോഗ്യപ്രവർത്തകർക്ക് ആകാശത്തോളം ആദരവുമായി നാവിക സേന
അതേസമയം, ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി ഐഎൻഎസ് ത്രികാന്തും ഇന്ന് മുംബൈയിലെത്തി. കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യൻ നാവികസേന സജ്ജമാക്കിയിട്ടുള്ള ഒമ്പത് കപ്പലുകളില്‍ ഒന്നാണ് ത്രികാന്ത്. ഗൾഫിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങളാണ് ഈ കപ്പലുകളില്‍ ഇന്ത്യയിലേക്കെത്തുന്നത്. സമാനമായി മെയ് 10 ന് സിംഗപ്പൂരിൽ നിന്ന് എട്ട് ക്രയോജനിക് ഓക്സിജൻ ടാങ്കുകളും ഏകദേശം 4,000 ഓക്സിജൻ സിലിണ്ടറുകളുമായി ഐഎൻഎസ് ഐരാവത് വിശാഖപട്ടണത്ത് എത്തിയിരുന്നു.