ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിന്‍റെ വിലയും കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 400 രൂപയായി കുറച്ചതായി ഭാരത് ബയോടെക്ക് അറിയിച്ചു.നേരത്തെ ഡോസിന് 600 രൂപ ഈടാക്കാനായിരുന്നു തീരുമാനം.എന്നാല്‍ വില കുറയ്ക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 400 രൂപയാക്കിയത്. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്, ഐസിഎംആറുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്.
കേന്ദ്രസര്‍ക്കാരിന്‍റെ വാക്‌സിന്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊതുവിപണിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വാക്സിന്‍ വാങ്ങണമെന്ന നിര്‍ദേശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വാക്‌സിന്‍ നിരക്ക് പ്രഖ്യാപിച്ചു.
രോഗവ്യാപനം രൂക്ഷമായിരിക്കെ കൊള്ളവിലയാണ് ഈടാക്കുന്നതെന്ന ആക്ഷേേപം ഉയര്‍ന്നതോടെ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇരു കമ്പനികളോടും ആവശ്യപ്പെട്ടിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്ന കൊവിഷീല്‍ഡിന്‍റെ വില 300 രൂപയായി കുറച്ചു. ഇതിന് പിന്നാലെയാണ് ഭാരത് ബയോടെക്ക് കൊവാക്സിന്‍റെ വില കുറച്ചത്.