ന്യൂഡൽഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിൻ മെയിൻ ട്രാക്കിലൂടെ സഞ്ചരിക്കുന്നതിന് പകരം 128 കിലോമീറ്റര്‍ സ്‌പീഡില്‍ ലൂപ് ലൈനിലൂടെ മാറി ഓടിയതാണ് അപകടകാരണം. തുടര്‍ന്ന് ലൂപ് ലൈനിലുണ്ടായിരുന്ന പാർക്ക് ചെയ്‌ത ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചതാണ് അപകടകാരണമെന്നും പ്രാഥമിക അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചരക്ക് ട്രെയിനിന് സഞ്ചരിക്കാനുള്ള ട്രാക്കാണ് ലൂപ് ലൈന്‍. ബഹാനഗർ ബസാർ സ്റ്റേഷന് തൊട്ടുമുന്‍പാണ് ദുരന്തമുണ്ടായത്. ബെംഗളൂരു - ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്‍റെ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിൽ ചിതറിക്കിടന്ന കോറമണ്ഡല്‍ എക്‌സ്പ്രസിന്‍റെ ഭാഗങ്ങളില്‍ ഇടിച്ചാണ് മറിഞ്ഞത്. ഇങ്ങനെയാണ് ആകെ മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍ പെട്ടത്. കോറമണ്ഡല്‍ എക്‌സ്‌പ്രസ് മണിക്കൂറിൽ 128 കിലോമീറ്ററും ബെംഗളൂരു - ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് 116 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചത്.
ALSO READ | ബാലസോര്‍ ട്രെയിന്‍ ദുരന്തം: മരണം 288 ആയി, ഒഡിഷയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം
പുറത്തുവന്ന അന്വേഷണ റിപ്പോർട്ട് റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലൂപ് ലൈനുകൾ സ്റ്റേഷനോട് ചേര്‍ന്നുള്ള പ്രദേശത്താണ് നിർമിച്ചിട്ടുള്ളത്. ഒന്നിലധികം എഞ്ചിനുകളുള്ള ഗുഡ്‌സ് ട്രെയിനുകളെ ഉൾക്കൊള്ളാൻ ലൂപ് ലൈനുകൾക്ക് സാധാരണയായി 750 മീറ്റർ നീളമാണ് ഉണ്ടാവുക.
രക്ഷപ്രവർത്തനം പൂർത്തിയായെന്ന് മന്ത്രാലയം: രണ്ട് ട്രെയിനുകളിലായി രണ്ടായിരത്തോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ 288 പേർ മരിക്കുകയും 900ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് അവസാനമായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. താൻ സഞ്ചരിച്ചിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷിയായ അനുഭവ് ദാസ് പറഞ്ഞു. എന്നാല്‍, ഇത് റെയില്‍വേ ഔദ്യോഗികമായി ആദ്യം സ്ഥിരീകരിച്ചിരുന്നില്ല.
ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷപ്രവർത്തനം പൂർത്തിയായതായി അറിയിച്ച് റെയിൽവേ മന്ത്രാലയം. ട്രെയിനുകള്‍ കൂട്ടിയിടിച്ചും പാളം തെറ്റിയുമുണ്ടായ സ്ഥലത്തെ രക്ഷപ്രവർത്തനം പൂർത്തിയാക്കി പൂര്‍വസ്ഥിതിയിലാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും റെയിൽവേ മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഭുവനേശ്വറിലെ എയിംസിൽ നിന്ന് ഡോക്‌ടർമാര്‍ അടങ്ങുന്ന രണ്ട് സംഘത്തെ ബാലസോറിലേക്കും കട്ടക്കിലേക്കും അയച്ചതായി ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി.
ഒഡിഷയിലെ ട്രെയിന്‍ അപകടസ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമാവാന്‍ ഭുവനേശ്വറിലെ എയിംസിൽ നിന്ന് ഡോക്‌ടർമാരുടെ രണ്ട് സംഘത്തെ ബാലസോറിലേക്കും കട്ടക്കിലേക്കും അയച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല ട്രെയിന്‍ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങള്‍ക്ക് സമീപിക്കുന്നതിനായി റെയിൽവേ മന്ത്രാലയം ശനിയാഴ്‌ച ഹെൽപ് ലൈൻ നമ്പറുകളും പുറത്തിറക്കി. കഴിഞ്ഞദിവസം പുറത്തിറക്കിയ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ക്ക് പുറമെയാണിത്.
സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററിന്‍റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം അപകടത്തില്‍ ഇതുവരെ 288 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 900ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പരിക്കേറ്റവരില്‍ 650 പേര്‍ ഒഡിഷയിലെ തന്നെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് എസ്ഇആർ വക്താവ് ആദിത്യ ചൗധരിയും അറിയിച്ചു.