ന്യൂഡൽഹി: ജഹാംഗീർപുരിയിലെ ചന്ദ്രശേഖർ ആസാദിന്‍റെ പ്രതിമയ്ക്ക് ചുറ്റുമുള്ള ഇരുമ്പ് ഗ്രിൽ നീക്കം ചെയ്യുന്നത് തടഞ്ഞ് പൊലീസ്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12.30ഓടെ ഷാ ആലം ബന്ദ് റോഡിലെ ആസാദ് ചൗക്കിൽ ആം ആദ്‌മി പാർട്ടി എംഎൽഎ പവൻ ശർമയുടെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് നടത്തിയ പൊളിക്കൽ ജോലികളാണ് പൊലീസ് തടഞ്ഞത്.
പവൻ ശർമയുടെ നിർദേശപ്രകാരം ഹൈ മാസ്റ്റ് ദേശീയ പതാക സ്ഥാപിക്കുന്നതിനായാണ് പ്രദേശത്ത് പൊളിക്കൽ നടപടികൾ ആരംഭിച്ചെതെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലുടനീളം 500 ഹൈ മാസ്റ്റ് ദേശീയ പതാകകൾ ഉയർത്താനുള്ള ആം ആദ്‌മി പാർട്ടിയുടെ പദ്ധതിയുടെ ഭാഗമായാണ് പതാക സ്ഥാപിക്കുന്നത്.
ജഹാംഗീർപുരിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പിഡിഡബ്ല്യു ഉദ്യോഗസ്ഥരെ ജോലിയുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് തടഞ്ഞുവെന്ന് ഡിസിപി ഉഷാ രംഗ്‌നാനി അറിയിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ പൊലീസിനെ അറിയിച്ച ശേഷം ജോലി പുനരാരംഭിക്കാൻ ശർമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രംഗ്‌നാനി പറഞ്ഞു.
ഏപ്രിൽ 16ന് ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്തെ നിരവധി വീടുകളും, സ്ഥാപനങ്ങളും കൈയ്യേറ്റം ആരോപിച്ച് പൊളിച്ച് നീക്കിയിരുന്നു. തുടർന്ന് സുപ്രീം കോടതി ഇടപെട്ട് നടപടി നിർത്തിവെച്ചു. അക്രമവുമായി ബന്ധപ്പെട്ട് 20 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.