കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (ഐഎസിഎസ്) എന്ന ശാസ്ത്ര സ്ഥാപനം ആശയവിനിമയത്തിനായി നിര്‍ബന്ധമായും ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന ഉത്തരവ് ഇറക്കിയത് വിവാദങ്ങള്‍ക്കും കടുത്ത അഭിപ്രായ ഭിന്നതകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ഉത്തരവ് എത്രത്തോളം ന്യായവും പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നതുമാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ഐ എ സി എസിന്‍റെ ആക്ടിങ്ങ് രജിസ്ട്രാറായ പൂര്‍ബ്ബഷാ ബന്ദോപാധ്യായ ഒപ്പു വെച്ച ഈ ഉത്തരവ് മാര്‍ച്ച് 19നാണ് ഇറക്കിയിരിക്കുന്നത്. ഈ ഉത്തരവിന്‍റെ പകര്‍പ്പുകള്‍ എല്ലാ ഡീനുകള്‍ക്കും എല്ലാ വകുപ്പ് അധ്യക്ഷന്മാര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പാൾമാര്‍ക്കും വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധപ്പെട്ട നിരവധി വിഭാഗങ്ങള്‍ക്കിടയില്‍ ഈ ഉത്തരവ് കനത്ത എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ഭാഷാ വിഭാഗം പുറത്തിറക്കിയ ഔദ്യോഗിക ഭാഷാ ഉപയോഗ ലക്ഷ്യം കൈവരിക്കപ്പെട്ടിട്ടില്ല എന്നും ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്നും ഇത് സംബന്ധിച്ച് ഐ എ സി എസിന് ഒരു കത്ത് ലഭിക്കുകയുണ്ടായി എന്നും ഈ ഉത്തരവ് പ്രകാരം മനസ്സിലാകുന്നു. ഔദ്യോഗിക ഭാഷ എത്രത്തോളം ഉപയോഗിക്കപ്പെടുന്നു എന്ന് പരിശോധിക്കുന്നതിനായി ഡിഎസ്ടി ഉദ്യോഗസ്ഥര്‍ താമസിയാതെ ഐ എ സി എസ് സന്ദര്‍ശിക്കുമെന്നതിനാല്‍ ഇതൊരു ഉല്‍കണ്ഠയുയര്‍ത്തുന്ന കാര്യമാണെന്ന് പ്രസ്തുത ഉത്തരവില്‍ പറയുന്നു. ഔദ്യോഗിക ഭാഷ ഉപയോഗിക്കേണ്ട ബന്ധപ്പെട്ട ഏഴ് മേഖലകള്‍ ഏതൊക്കെയെന്ന് ഈ നിര്‍ദേശം വ്യക്തമാക്കുന്നുണ്ട്.
ഇത് പ്രകാരം ചുരുങ്ങിയത് 55 ശതമാനം ആശയവിനിമയമെങ്കിലും ഹിന്ദിയില്‍ തന്നെ നടത്തണമെന്നും ഹിന്ദിയില്‍ ലഭിക്കുന്ന ഒരു കത്തിന് ഹിന്ദിയില്‍ തന്നെ മറുപടി നല്‍കണമെന്നും പറയുന്നു. ഫയലുകളില്‍ എഴുതുന്ന പേരുകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതണമെന്നും സര്‍വീസ് ബുക്കുകളില്‍ എഴുതി ചേര്‍ക്കുന്ന കാര്യങ്ങള്‍ കഴിയുന്നത്ര ഹിന്ദിയില്‍ തന്നെ വേണമെന്നും ഈ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. കഴിയുന്നത്ര ഔദ്യോഗിക ഒപ്പുകളും ഹിന്ദിയില്‍ തന്നെ നടത്തണമെന്നും ഔദ്യോഗിക ഭാഷാ നിയമത്തിന്റെ 3(3) വകുപ്പിലെ വ്യവസ്ഥകള്‍ എടുത്തു കാട്ടികൊണ്ട് ഈ ഉത്തരവ് പറയുന്നു.
ഡി എസ് ടി ഉദ്യോഗസ്ഥര്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുമ്പോള്‍ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിനായി ഈ നടപടികള്‍ നിശ്ചയമായും പാലിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അതേ സമയം ഈ ഉത്തരവ് വലിയ എതിര്‍പ്പുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് അന്യായമാണെന്നും എന്തു വില കൊടുത്തും ഇതിനെ എതിര്‍ക്കണമെന്നും ഇതൊട്ടും തന്നെ സ്വീകാര്യമല്ലെന്നും സുപ്രസിദ്ധ ബംഗാളി എഴുത്തുകാരനായ ഷിഷേന്ദു മുഖോപാധ്യായ അഭിപ്രായപ്പെട്ടിരിക്കുന്നു. “ഹിന്ദി ഞങ്ങളുടെ ഔദ്യോഗിക ഭാഷയല്ലാത്തതിനാല്‍ ആര്‍ക്കും ഞങ്ങളെ ഹിന്ദി ഉപയോഗിക്കുവാന്‍ നിര്‍ബന്ധിക്കുവാന്‍ കഴിയില്ല. ഹിന്ദിയും ഇംഗ്ലീഷും തുല്യ പ്രാധാന്യമുള്ള ഭാഷകള്‍ തന്നെയാണ്. എന്നാല്‍ ഹിന്ദി സംസാരിക്കാത്ത ജനങ്ങള്‍ക്ക് മേല്‍ എന്തുകൊണ്ടാണ് ഹിന്ദി ഇങ്ങനെ അടിച്ചേല്‍പ്പിക്കുന്നത് എന്ന് എനിയ്ക്ക് മനസിലാകുന്നില്ല,'' അദ്ദേഹം പറഞ്ഞു.
നിരവധി മറ്റ് ഭാഷകളെ പോലെ ഹിന്ദിയും ഒരു ഔദ്യോഗിക ഭാഷ മാത്രമാണെന്നും അല്ലാതെ അത് രാജ്യത്തിന്റെ ദേശീയ ഭാഷ അല്ല എന്നും വിദ്യാഭ്യാസ വിചക്ഷണനായ പബിത്ര സര്‍ക്കാര്‍ പറയുന്നു. “എന്തുകൊണ്ടാണ് എല്ലാവര്‍ക്കും മേല്‍ ഹിന്ദി ഇങ്ങനെ അടിച്ചേല്‍പ്പിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വിശദീകരണം നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. ഐ എ സി എസ് പോലുള്ള ഒരു പരമ്പരാഗത സ്ഥാപനത്തില്‍ നിന്നും ഇത്തരം ഒരു നിര്‍ദ്ദേശം പ്രതീക്ഷിക്കാവുന്നതല്ല,'' അദ്ദേഹം പറഞ്ഞു.
ഈ ഉത്തരവിനെ പ്രമുഖ ശാസ്ത്രജ്ഞനും സിസ്റ്റര്‍ നിവേദിത യൂണിവേഴിസിറ്റി വൈസ് ചാന്‍സലറുമായ ദ്രുപിജ്യോതി ദത്തയും വിമര്‍ശിക്കുകയുണ്ടായി. “ശാസ്ത്ര മേഖലയിലുള്ള ആളുകള്‍ക്ക് വിദേശ രാജ്യങ്ങളുമായുള്ള നിരന്തര ആശയവിനിമയം എപ്പോഴും നിലനിര്‍ത്തേണ്ടതുണ്ട്. അപ്പോള്‍ എങ്ങനെയാണ് 55 ശതമാനം ആശയവിനിമയവും ഹിന്ദിയില്‍ തന്നെ നടത്താന്‍ കഴിയുക? ഹിന്ദി വായിക്കാനോ എഴുതാനോ സംസാരിക്കാനോ അറിയാത്ത ആളുകളോട് കാട്ടുന്ന ഒരു അനീതിയാണിത്,'' അദ്ദേഹം പറഞ്ഞു.
ബംഗാളി ഭാഷ ആക്ടിവിസ്റ്റുകളുടെ സംഘടനയായ ബംഗ്ലാ പോക്കോയിലെ അംഗങ്ങള്‍ ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഐ എ സി എസിനു മുന്നില്‍ ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഐ എ സി എസിനെ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് ഹിന്ദിയാക്കി മാറ്റുമോ എന്നാണ് ഈ പ്രതിഷേധ വേളയില്‍ പ്രസ്തുത സംഘടനയുടെ പ്രവര്‍ത്തകനായ കൗഷിക് മൈത്തി ചോദിച്ചത്. “ഹിന്ദി സംസാരിക്കുന്നവര്‍ക്ക് മാത്രമേ ഇനി ശാസ്ത്ര ഗവേഷണം നടത്തുവാന്‍ കഴിയൂ എന്ന് അര്‍ത്ഥമാക്കുന്നു ഈ ഉത്തരവ് എന്നതിനാല്‍ അത് തീര്‍ത്തും അസംബന്ധമാണ്,'' അദ്ദേഹം പറഞ്ഞു.