ബെംഗളൂരു : കർണാടക മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉൾപ്പടെ എല്ലാ നേതാക്കളും അഴിമതിക്കാരാണെന്ന് സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ. മൂന്ന് വർഷമായി കരാറുകാർക്ക് നൽകാനുള്ള 22,000 കോടി രൂപ കെട്ടിക്കിടക്കുകയാണ്. കരാറുകാരിൽ നിന്ന് സംസ്ഥാന സർക്കാർ കമ്മീഷൻ ആവശ്യപ്പെടുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തെഴുതുമെന്നും കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
അസോസിയേഷൻ പ്രസിഡന്‍റ് കെമ്പണ്ണയുടെ നേതൃത്വത്തിലുള്ള സംഘം നഗരത്തിലെ കുമാര പാർക്ക് വെസ്റ്റിലുള്ള സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ് കൂടിക്കാഴ്‌ച നടത്തിയത്. സർക്കാരിൽ നിന്ന് കരാറുകാർ നേരിടുന്ന പ്രശ്‌നങ്ങൾ വിശദീകരിച്ച അംഗങ്ങൾ തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹകരിക്കണമെന്നും അഭ്യർഥിച്ചു. കോൺട്രാക്ടേഴ്‌സിന്‍റെ വിഷമതകളെക്കുറിച്ച് സിദ്ധരാമയ്യ സഭയിൽ പറയുമെന്ന് ഉറപ്പ് നൽകിയതായും കെമ്പണ്ണ പറഞ്ഞു.
'എല്ലാ എംഎൽഎമാരും 10 മുതൽ 15 ശതമാനം വരെ കമ്മീഷൻ ചോദിക്കുന്നു. മുഴുവൻ സംവിധാനവും അഴിമതി നിറഞ്ഞതാണ്. അഴിമതിയുടെ കാര്യത്തിൽ മന്ത്രിമാരും എംഎൽഎമാരും ഒന്നാം സ്ഥാനത്താണ്. ബൊമ്മൈ ഉൾപ്പടെ എല്ലാവരും അഴിമതിക്കാരാണ്. ചിലയിടങ്ങളിൽ 100% അഴിമതിയുണ്ട്. മുഖ്യമന്ത്രി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെവിക്കൊള്ളാത്ത സാഹചര്യമുണ്ട്.
ടെൻഡർ വിളിക്കുന്ന നടപടി മാറ്റണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കുകൾ അവർ ചെവിക്കൊണ്ടില്ല. അന്വേഷണത്തിന് ശേഷം രേഖകൾ നൽകും. ഇപ്പോൾ രേഖകൾ നൽകിയാൽ അവർ കരാറുകരെ ബുദ്ധിമുട്ടിക്കും. 15 ദിവസത്തിനുള്ളിൽ ഞങ്ങൾ പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതും' - കെമ്പണ്ണ പറഞ്ഞു.
ആരോപണം തെറ്റാണെന്ന് ബൊമ്മൈ : അതേസമയം സർക്കാരിന്‍റെ വിവിധ വകുപ്പുകളുടെ പ്രവൃത്തികളിൽ കമ്മീഷൻ ആവശ്യപ്പെട്ടെന്ന സംസ്ഥാന കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റിന്‍റെ ആരോപണത്തിൽ സത്യമില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. 'കെമ്പണ്ണയുടെ സംഘടന ഞങ്ങളുടെ അടുത്ത് വന്നിട്ടില്ല. ചില കരാറുകാർ സിദ്ധരാമയ്യയെ കണ്ടിട്ടുണ്ട്. മുൻകാലങ്ങളിൽ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും എതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
പരാതികളുണ്ടെങ്കിൽ ലോകായുക്തയിൽ നൽകിയാൽ നടപടിയെടുക്കും. തെളിവുകളും രേഖകളും സഹിതം പരാതി സമർപ്പിക്കുക. പ്രധാനമന്ത്രിക്ക് കത്തെഴുതാൻ എല്ലാവർക്കും അവസരമുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ പരാതിപ്പെടാനുള്ള സംവിധാനവുമുണ്ട്' - ബൊമ്മൈ പറഞ്ഞു
ജുഡീഷ്യൽ അന്വേഷണം വേണം: അതേസമയം വിഷയത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഞങ്ങളുടെ ആവശ്യം സർക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ വിഷയം ജനങ്ങളിലേക്ക് എത്തിക്കും.
അഴിമതി നടത്തിയിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. സർക്കാരിന്‍റെ അഴിമതി തെളിയിക്കാമെന്നാണ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്‍റെ വെല്ലുവിളി. ഒരുപക്ഷേ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പ്രോസിക്യൂട്ട് ചെയ്യൂ, നേരിടാൻ തയ്യാറാണെന്നും അവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാരിന് എന്താണ് പ്രശ്‌നമെന്നും സിദ്ധരാമയ്യ ചോദിച്ചു.