മംഗളൂരു : കടുത്ത പ്രതിഷേധങ്ങള്‍ക്കും സമ്മർദങ്ങൾക്കുമൊടുവില്‍ കർണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ.എസ് ഈശ്വരപ്പ രാജിവച്ചു. ഈശ്വരപ്പയ്‌ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് കരാറുകാരൻ സന്തോഷ് കെ പാട്ടീല്‍ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ മന്ത്രിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. രാജിക്കത്ത് നാളെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കൈമാറും.
കരാറുകാരന്‍റെ മരണത്തിൽ ആരോപണവിധേയനായതിനെ തുടർന്ന് മന്ത്രിക്കെതിരെ വൻ പ്രതിഷേധമാണുയർന്നത്. രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം ശക്തമാക്കിയതോടെ മന്ത്രിയോട് രാജിയാവശ്യപ്പെടാന്‍ ബിജെപിക്കുമേല്‍ സമ്മര്‍ദം ശക്തമാവുകയായിരുന്നു. കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച കരാറുകാരൻ സന്തോഷ് കെ പാട്ടീലിനെ ഉഡുപ്പിയിലെ ഒരു ലോഡ്‌ജിൽ ചൊവ്വാഴ്‌ച (12.03.2022) ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു.
READ MORE: ഇടപെടലല്ല, നിയമപരമായ അന്വേഷണമുണ്ടാകും; കരാറുകാരന്‍റെ ആത്മഹത്യയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ആർഡിപിആർ വകുപ്പുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കുന്നതില്‍ 40 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്നായിരുന്നു ഈശ്വരപ്പയ്‌ക്കെതിരായ ആരോപണം. മന്ത്രി കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് സന്തോഷ് പാട്ടീല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാധ്യമങ്ങള്‍ക്കും കത്തയച്ചിരുന്നു.