ന്യൂഡൽഹി: കശ്‌മീർ വിഷയങ്ങൾ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള രാഷ്‌ട്രീയ നേതാക്കളുടെ സർവ്വകക്ഷി യോഗം നടക്കവേ യോഗത്തിൽ കൃത്യമായ അജണ്ടകളില്ലാതെ പങ്കെടുക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ പ്രഭാഷണത്തിന് ശേഷം പാർട്ടിയുടെ അഭിപ്രായങ്ങൾ യോഗത്തിൽ അറിയിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി
മുൻ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, മുൻ ഉപമുഖ്യമന്ത്രി താര ചന്ദ്, ജമ്മു കശ്‌മീർ കോൺഗ്രസ് അധ്യക്ഷൻ ഗുലാം അഹമ്മദ് മിർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇതിന് മുമ്പായി പാർട്ടിയുടെ തന്ത്രപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മൂന്ന് നേതാക്കളും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Read more: സർവകക്ഷിയോഗം; ജമ്മു കശ്‌മീർ നേതാക്കൾ ഡൽഹിയിലേക്ക് തിരിച്ചു
അജണ്ടകളില്ലാതെ യോഗത്തിൽപങ്കെടുക്കും
ആർട്ടിക്കിൾ 370 പുനഃപരിശോധിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന കാര്യത്തിലും കോൺഗ്രസിന്‍റേത് സമാന തീരുമാനം തന്നെയായിരിക്കുമെന്ന് ഗുലാം അഹമ്മദ് മിർ അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് ശേഷം മാത്രമേ ഏതൊരു വിഷയവും പാർട്ടി ഉന്നയിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ആർട്ടിക്കിൾ 370 പുനഃസ്ഥാപനം അനുകൂലിക്കും
ജമ്മു കശ്‌മീരിന്‍റെ സമ്പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തോട് യോജിക്കുമെന്ന് ഞായറാഴ്‌ച കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നും അതിലൂടെ ജനങ്ങൾക്ക് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനും കശ്‌മീരിന് സ്വന്തമായി നിയമസഭ രൂപികരിക്കാൻ സാധിക്കുമെന്നും പാർട്ടി വിശ്വസിക്കുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും നേരത്തേ പ്രസ്താവിച്ചിരുന്നു.
Read more: കശ്‌മീരിലെ രാഷ്‌ട്രീയ പാർട്ടികളുമായി പ്രധാനമന്ത്രിയുടെ യോഗം ജൂൺ 24ന്
കശ്‌മീരിൽ കനത്ത സുരക്ഷ
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള കേന്ദ്രത്തിന്‍റെ ആദ്യ അനുനയ യോഗമാണിത്.തീവ്രവാദ ഭീഷണി നിലനിൽക്കുന്നതിനാല്‍ കശ്‌മീരിലടക്കം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.