ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ പേരിന് നേരെ ടിക്ക് (ശരി ചിഹ്നം) അടയാളപ്പെടുത്തിയാല്‍ മതിയെന്ന് വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രി. ഇന്നലെ(ഒക്‌ടോബര്‍ 15) പുറപ്പെടുവിച്ച വോട്ടെടുപ്പിനുള്ള നിർദേശങ്ങളിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ബാലറ്റ് പേപ്പറിൽ മുന്‍ഗണന പ്രകാരം ഒന്ന് എന്ന് രേഖപ്പെടുത്തിയാല്‍ മതി എന്നത് ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്ന സ്ഥാനാർഥി ശശി തരൂരിന്‍റെ സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മാറ്റം. ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും, തരൂരിന്‍റെയും നേരെ സീരിയല്‍ നമ്പറുകളായി ഒന്നു രണ്ടും ഉള്ളതിനാല്‍ വീണ്ടും ഇത് മുന്‍ഗണനാപ്രകാരം ഉപയോഗിക്കുന്നത് ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്നതായിരുന്നു തരൂര്‍ പക്ഷത്തിന്‍റെ ആവശ്യം.
എന്നാല്‍ വോട്ടർമാര്‍ ആഗ്രഹിക്കുന്ന സ്ഥാനാർഥിയുടെ നേരെയുള്ള ബോക്‌സിൽ ടിക്ക് മാർക്ക് അല്ലാതെ മറ്റേതെങ്കിലും ചിഹ്നം ഇടുകയോ, മറ്റേതെങ്കിലും നമ്പർ എഴുതുകയോ ചെയ്‌താൽ വോട്ട് അസാധുവാകുമെന്നും മിസ്‌ത്രിയുടെ ഓഫിസിൽ നിന്നുള്ള സന്ദേശത്തിൽ അറിയിച്ചു. ഇതെത്തുടര്‍ന്ന് ഈ മാറ്റം ട്വിറ്ററിലൂടെ അറിയിച്ച് തരൂരും രംഗത്തെത്തി. "ബ്രേക്കിംഗ് ന്യൂസ്: @incIndia ഇഷ്‌ടമുള്ള സ്ഥാനാർഥിക്കുള്ള വോട്ട് പേരിന് നേരെ '1' എന്ന് എഴുതുന്നതിന് പകരം ടിക്ക് മാർക്കിലേക്ക് തെരഞ്ഞെടുപ്പ് അതോറിറ്റി മാറ്റിയിരിക്കുന്നു. ഡെലിഗേറ്റുകൾ ദയവായി ശ്രദ്ധിക്കുക, എന്‍റെ പേരിനടുത്തുള്ള ബോക്‌സിൽ ഒരു ടിക്ക് മാർക്ക് ആവശ്യമാണ്" എന്നാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം ഇന്ത്യന്‍ രാഷ്‌ട്രീയ ലോകം ഏറെ ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ (ഒക്‌ടോബര്‍ 17) നടക്കും. ബുധനാഴ്‌ച (ഒക്‌ടോബര്‍ 19 ന്) വോട്ടെണ്ണൽ നടത്തി അന്നുതന്നെ ഫലം പ്രഖ്യാപിക്കുകയും ചെയ്യും. 9,000 ലധികം പ്രതിനിധികളാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്.