ന്യൂഡല്‍ഹി : പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരെന്ന് ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കേരളം അടക്കമുള്ള മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ബാലറ്റ് പെട്ടികള്‍ എഐസിസി ആസ്ഥാനത്ത് നേരത്തേ എത്തിച്ചിരുന്നു.
68 ബാലറ്റ് പെട്ടികളും സ്‌ട്രോങ് റൂമില്‍ നിന്ന് പുറത്തിറക്കി അതിനകത്തുള്ള ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി നൂറ് എണ്ണം വീതമുള്ള കെട്ടുകളാക്കി മാറ്റിയതിന് ശേഷമാണ് ആറ് വരെ ടേബിളുകളിലായി വോട്ടെണ്ണല്‍.
ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. ഉച്ചയ്ക്ക് ശേഷമായിരിക്കും ഫലപ്രഖ്യാപനം. വോട്ടെണ്ണലിന് ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ ഫലം പ്രഖ്യാപിക്കും. 24 വര്‍ഷത്തിന് ശേഷം ആദ്യമായാണ് നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ പാര്‍ട്ടി അധ്യക്ഷനാകുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി 2019ല്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായി സോണിയ വഹിച്ചിരുന്ന പദവിയിലേക്കാണ് ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മത്സരിച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനായാസ വിജയം നേടുമെന്നതാണ് പൊതു വിലയിരുത്തലെങ്കിലും ശശി തരൂരിന് ലഭിക്കുന്ന വോട്ടുകള്‍ എത്രയായിരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഖാര്‍ഗെയുടെ വിജയം കോണ്‍ഗ്രസ് നേതൃത്വം ഇതിനോടകം ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ 1000ല്‍ അധികം വോട്ടുകള്‍ നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് തരൂര്‍ പക്ഷം.
1000 വോട്ടുകള്‍ ലഭിച്ചാല്‍ അത് വന്‍ നേട്ടമാണെന്നാണ് തരൂര്‍ പക്ഷത്തിന്‍റെ വിലയിരുത്തല്‍. അതേസമയം തെരഞ്ഞെടുപ്പില്‍ തരൂരിന് ലഭിച്ച പിന്തുണ വോട്ടിലും ലഭിക്കുമോയെന്ന ആശങ്ക നേതൃത്വത്തിന് ഇല്ലാതെയില്ല. ദീപാവലിക്ക് ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ചുമതലയേല്‍ക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നും പര്യടനം തുടരും.