ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത ഗെലോട്ട് സോണിയ ഗാന്ധിയോട് മാപ്പ് ചോദിക്കുകയും ചെയ്‌തു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ന്യൂഡൽഹിയിൽ വച്ചുനടന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഗെലോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
താൻ പാർട്ടിയുടെ അച്ചടക്കമുള്ള സൈനികനാണെന്നും രാജസ്ഥാനിലെ വിമത പ്രവർത്തനം തടയാൻ കഴിഞ്ഞില്ലെന്നും ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയായി തുടരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യത്തിൽ സോണിയ ഗാന്ധി തീരുമാനമെടുക്കുമെന്നും ഗെലോട്ട് അറിയിച്ചു.
ഞായറാഴ്‌ച കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര നിരീക്ഷകർ വിളിച്ച നിയമസഭാംഗങ്ങളുടെ യോഗത്തിൽ ഗെലോട്ട് പക്ഷത്തെ എംഎൽഎമാർ പങ്കെടുത്തിരുന്നില്ല. തുടർന്ന് ഇവർ ഒരു സമാന്തര യോഗം നടത്തി. ഗെലോട്ട് മുഖ്യമന്ത്രിയായി തുടരുകയോ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകില്ല എന്ന് ഉറപ്പ് നൽകുകയോ ചെയ്യണമെന്നതായിരുന്നു ഇവരുടെ ആവശ്യം.