ബെംഗളൂരു : ഹിന്ദു പേര്‍ഷ്യന്‍ വാക്കാണെന്നും അര്‍ഥം മനസ്സിലാക്കിയാല്‍ ലജ്ജിക്കേണ്ടിവരുമെന്നുമുള്ള പരാമര്‍ശം പിന്‍വലിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ സതീഷ് ജാര്‍കിഹോളി. 'മാനേ മാനേഗെ ബുദ്ധ ബസവ അംബേദ്‌കര്‍' റാലിയില്‍വച്ചുണ്ടായ പരാമര്‍ശം വിവാദമായതോടെയാണ് എംഎല്‍എ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചത്. താന്‍ പറഞ്ഞതില്‍ തെറ്റില്ലെങ്കിലും ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് എംഎല്‍എ വിശദീകരിച്ചു.
നൂറുകണക്കിന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയതെന്നും തന്‍റെ പ്രസ്‌താവന പൊതുജനങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. വിഷയം സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് എംഎല്‍എ കത്തയച്ചു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് എംഎല്‍എ അയച്ച കത്തില്‍ പറയുന്നത് ഇങ്ങനെ : 'നവംബര്‍ 6ന് നിപ്പാനിയിലുണ്ടായ റാലിയില്‍ സംസാരിക്കവേയാണ് ഹിന്ദു എന്ന വാക്ക് പേര്‍ഷ്യനാണെന്ന് താന്‍ പറഞ്ഞത്. വിഷയത്തില്‍ വിവാദം ഉയരുകയും ചെയ്‌തു. പേര്‍ഷ്യന്‍ വാക്കാണെങ്കില്‍ അതെങ്ങനെ ഇന്ത്യയിലെത്തി ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പലയിടങ്ങളില്‍ നിന്നും ഉയരുന്നത്.
പല എഴുത്തുകാരുടെയും ലേഖനങ്ങളില്‍ ഈ വാക്കിനെ വളരെ മോശമായി പരാമര്‍ശിക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ സംവാദങ്ങള്‍ ആവശ്യമാണെന്നും താന്‍ അഭിപ്രായപ്പെട്ടിരുന്നു. വിക്കിപീഡിയയിലെ ലേഖനങ്ങള്‍, നിഘണ്ടുകള്‍, ചരിത്രകാരന്മാരുടെ രചനകള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു തന്‍റെ പ്രസ്‌താവന. എന്നിരുന്നാലും പരാമര്‍ശത്തെ വിവാദമാക്കി ചിലര്‍ തന്നെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു.
വിഷയത്തിന് പിന്നില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും തന്‍റെ പ്രശസ്‌തി നശിപ്പിക്കാനും ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങളുടെ മനസിൽ ആശയക്കുഴപ്പം ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണ് ഞാൻ എന്‍റെ പ്രസ്‌താവന പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നത്.
also read: 'ഹിന്ദു പേര്‍ഷ്യന്‍ വാക്ക്, അര്‍ഥം മനസിലാക്കിയാല്‍ ലജ്ജിക്കും'; കര്‍ണാടക എംഎല്‍എ സതീഷ് ജാര്‍കിഹോളി
ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക സമിതിയെ രൂപീകരിക്കണം. എന്‍റെ പ്രസ്‌താവന ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും' അദ്ദേഹം കത്തില്‍ വ്യക്തമാക്കി.