ന്യൂഡൽഹി: അധികാര തർക്കങ്ങളുടെ പേരില്‍ പഞ്ചാബ് കോൺഗ്രസില്‍ കലാപക്കൊടി ഉയർത്തിയ നവജ്യോത് സിങ് സിദ്ദു അനുനയത്തിന്‍റെ പാതയില്‍. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായുള്ള അസ്വാരസ്യങ്ങളുടെ പേരില്‍ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച സിദ്ദു എഐസിസി ആസ്ഥാനത്ത് എത്തി ചർച്ച നടത്തി.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ പഞ്ചാബിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവരുമായാണ് സിദ്ദു കൂടിക്കാഴ്ച നടത്തിയത്. പഞ്ചാബ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി സിദ്ദു തന്നെ തുടരുമെന്ന് ഹരീഷ് റാവത്ത് മാധ്യമങ്ങളെ അറിയിച്ചു.
നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എഐസിസി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. കൂടിക്കാഴ്ചയ്ക്ക് മുമ്പ് സിദ്ദുവും ചന്നിയും പരസ്പരം സംസാരിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
Also Read: ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു; ഇന്ദിരാഗാന്ധിയെ പുകഴ്‌ത്തി രാജ്‌നാഥ് സിങ്
ആശങ്ക പങ്കുവെച്ചിട്ടുണ്ടെന്ന് സിദ്ദു
പാർട്ടി ഹൈക്കമാൻഡിന് മുന്നിൽ തന്‍റെ ആശങ്കകൾ പങ്കവച്ചിട്ടുണ്ട്. ഇനി തീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്. അവര്‍ എന്ത് തീരുമാനിച്ചാലും അത് പഞ്ചാബിന് ഗുണമാകുമെന്ന് താന്‍ വിശ്വസിക്കുന്നു. അവരുടെ തീരുമാനം എന്തായാലും താന്‍ അത് അംഗീകരിക്കുമെന്നും സിദ്ദു ട്വിറ്ററില്‍ കുറിച്ചു.