ന്യൂഡൽഹി: ബിജെപിയുടെ അയോദ്ധ്യയിലൂന്നിയ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ മറുതന്ത്രം മെനഞ്ഞ് കോൺഗ്രസ്. ദ്വിമുഖ പ്രതിരോധമാണ് കോൺഗ്രസ് ഇതിനായി തയ്യാറാകുന്നത്. രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലൂടെയാകും ആദ്യ പ്രതിരോധം. ഇതോടൊപ്പം ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ അയോദ്ധ്യ സന്ദർശനവും കോൺഗ്രസിന്‍റെ തന്ത്രത്തിന്‍റെ ഭാഗമാണ്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഏറിയപങ്കും ഉത്തർപ്രദേശിലൂടെയാണ് കടന്നുപോകുന്നത്. 11 ദിവസം ഉത്തർപ്രദേശിലൂടെ നടക്കുന്ന യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ജനങ്ങളുമായി നടത്തുന്ന സമ്പർക്കം ബിജെപി ഉയർത്തുന്ന അയോദ്ധ്യ തരംഗത്തെ മറികടക്കാൻ സഹായിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. യാത്രയിലുടനീളം കോൺഗ്രസിന്‍റെ സാമൂഹ്യ ക്ഷേമ പദ്ധതികളാകും ഉയർത്തിക്കാട്ടുക.
ഇതിനുപുറമെയാണ് എഐസിസി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ അയോദ്ധ്യ സന്ദർശനം. രാമക്ഷേത്ര പ്രതിഷ്‌ഠയ്ക്ക് മുമ്പ് ജനുവരി 15നാകും അവിനാശ് അയോദ്ധ്യ സന്ദർശിക്കുക. ഇവിടെയെത്തുന്ന നേതാക്കൾ സരയൂ നദിയിൽ മുങ്ങിക്കുളിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
തങ്ങൾ ജനുവരി 15 ന് അയോദ്ധ്യ സന്ദർശിക്കുമെന്നും ശ്രീരാമൻ എല്ലാവരുടെയും സ്വന്തമാണെന്നും അവിനാശ് പാണ്ഡെ ഇടിവി ഭാരതിനോട് പറഞ്ഞു. “അതെ, ഞങ്ങൾ ജനുവരി 15 ന് അയോദ്ധ്യ സന്ദർശിക്കും. ശ്രീരാമൻ എല്ലാവരുടെയും സ്വന്തമാണ്, അയോദ്ധ്യ സന്ദർശിക്കുന്നത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്.” പാണ്ഡെ പറഞ്ഞു.
അതേസമയം യാത്ര ഉത്തർപ്രദേശിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്ന് എഐസിസി വക്താവായ അഖിലേഷ് പ്രതാപ് സിങ് ഇടിവി ഭാരതിനോട് പറഞ്ഞു. “രാഹുൽ ഗാന്ധി ജനങ്ങൾക്ക് നീതി നൽകുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം ജോലി, തൊഴിലില്ലായ്‌മ, വിലക്കയറ്റം, സമ്പദ്‌വ്യവസ്ഥ, സാമൂഹിക ഐക്യം എന്നിങ്ങനെ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു. യാത്രയിലുടനീളം അദ്ദേഹം ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടും. ഉത്തർപ്രദേശിലെ പ്രശ്‌നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടും. യാത്ര പ്രവർത്തകരെ ആവേശഭരിതരാക്കുകയും സംസ്ഥാനത്ത് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. അഖിലേഷ് പ്രതാപ് സിങ് പറഞ്ഞു.
Also Read: ന്യായ് കാ ഹഖ് മിൽനേ തക്'; ഭാരത് ജോഡോ ന്യായ് യാത്രയുടെ മുദ്രാവാക്യവും ലോഗോയും പ്രകാശനം ചെയ്‌തു
രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര' ജനുവരി 14ന് ഇംഫാലിൽ നിന്ന് ആരംഭിച്ച് 6,713 കിലോമീറ്റർ ദൂരം സഞ്ചരിക്കും. "ന്യായ് കാ ഹഖ് മിൽനേ തക്" എന്നതാണ് യാത്രയുടെ മുദ്രാവാക്യം 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും 337 നിയമസഭാ മണ്ഡലങ്ങളിലൂടെയും 110 ജില്ലകളിലൂടെയുമാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുക. മാർച്ച് 20, 21 തീയതികളിലായി മുംബൈയിൽ വച്ചാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം.