കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ തൃണമൂല്‍ കോണ്‍ഗ്രസോ അതിന്‍റെ നേതാവായ മമത ബാനര്‍ജിയോ നാളിതുവരെ തയ്യാറായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം (Congress Criticizes Mamata Banerjee On Bengal Seat Sharing). ഇത് മുന്നണി സംവിധാനത്തില്‍ തെരഞ്ഞെടുപ്പ് നേരിടുന്നതിന് പ്രധാന വെല്ലുവിളിയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സീറ്റ് വിഭജനം സംബന്ധിച്ച് മമത ബാനര്‍ജി എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ല, ടിഎംസിക്ക് നിലവിലുള്ള സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കാന്‍ മമത ബാനര്‍ജി തയ്യാറാകുന്ന കാര്യം സംശയമാണെന്ന് ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. മൂര്‍ഷിദാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
42 സീറ്റുളള ബംഗാളില്‍ 2 സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാമെന്ന നിലപാടിലാണ് മമതയെന്നാണ് സൂചന. എന്നാല്‍ ആ രണ്ട് മണ്ഡലങ്ങള്‍ നിലവില്‍ കോണ്‍ഗ്രസിനൊപ്പമാണ്, അവിടെ ഒറ്റയ്ക്ക് ജയിക്കാന്‍ കോണ്‍ഗ്രസിന് ആകുമെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ടിഎംസിയേയും ബിജെപിയേയും പരാജയപ്പെടുത്തിയാണ് ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വിജയം കൈവരിച്ചത്.
പുതിയ മണ്ഡലങ്ങളെക്കുറിച്ച് മമത ഒന്നും മിണ്ടുന്നില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി. പൊതുതെരഞ്ഞെടുപ്പില്‍ ബംഗാളില്‍ എട്ട് സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. രണ്ടെണ്ണം നല്‍കാമെന്നാണ് മമത പറയുന്നത്. തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് 2021 നിയമസഭാ തെരഞ്ഞെടുപ്പ് നാളുകളില്‍ പറഞ്ഞത് ഇപ്പോഴും ആരും മറന്നിട്ടില്ല, കോണ്‍ഗ്രസിനെ പശ്ചിമ ബംഗാളില്‍ ആര്‍ക്കും വേണ്ടെന്നാണ് അന്ന് അദ്ദേഹം പ്രസംഗിച്ചതെന്നും അധീര്‍ രഞ്ജന്‍ കൂട്ടിച്ചേര്‍ത്തു.