ന്യൂഡല്‍ഹി: കശ്‌മീരിലെ മുസ്‌ലിമുകള്‍ക്ക് വേണ്ടി ശബ്‌ദിക്കാന്‍ അവകാശമുണ്ടെന്ന താലിബാന്‍റെ പ്രസ്‌താവനയെ അപലപിച്ച് കോണ്‍ഗ്രസ്. കശ്‌മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് താലിബാന്‍ നിലപാടിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ടു.
'താലിബാന്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. കശ്‌മീരിനെക്കുറിച്ച് അഭിപ്രായം പറയാൻ മറ്റൊരു രാജ്യത്തിനും അവകാശമില്ല,' കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. 'താലിബാന് ഇത്തരത്തില്‍ പ്രസ്‌താവനയിറക്കാന്‍ അവകാശമില്ല. താലിബാൻ ആശങ്കപ്പെടേണ്ടത് അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെടുന്ന ആയിരക്കണക്കിന് ആളുകളെ കുറിച്ചാണ്,' കോൺഗ്രസ് നേതാവ് റാഷിദ് ആൽവി പ്രതികരിച്ചു.
കശ്‌മീര്‍ ഉൾപ്പെടെ എവിടെയും മുസ്‌ലിമുകള്‍ക്ക് വേണ്ടി ശബ്‌ദമുയർത്താൻ അവകാശമുണ്ടെന്നായിരുന്നു താലിബാൻ വക്താവ് സുഹൈൽ ഷഹീന്‍റെ പ്രസ്‌താവന. 'മുസ്‌ലിം എന്ന നിലയില്‍ നിലയിൽ, കശ്‌മീരിലും മറ്റേതെങ്കിലും രാജ്യത്തും താമസിക്കുന്ന മുസ്‌ലിമുകള്‍ക്ക് വേണ്ടി സംസാരിക്കുന്നത് താലിബാന്‍റെ അവകാശമാണ്,' സുഹൈൽ ഷഹീന്‍ ബിബിസി ഉര്‍ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കശ്‌മീരിനെക്കുറിച്ചുള്ള താലിബാന്‍റെ മുൻ പ്രസ്‌താവനകളെ ഖണ്ഡിക്കുന്ന തരത്തിലായിരുന്നു താലിബാന്‍ വക്‌താവിന്‍റെ പ്രതികരണം. നേരത്തെ ഇന്ത്യയുമായി വാണിജ്യ സാംസ്‌കാരിക രാഷ്ട്രീയ ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.
Read more: 'നവീകരണം വേണോ അതോ അപരിഷ്‌കൃത നിയമങ്ങളോ'; താലിബാനെ ആഘോഷിക്കുന്ന ഇന്ത്യക്കാരോട് നസറുദ്ദീൻ ഷാ