ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സെപ്‌റ്റംബര്‍ 20-നകം പൂര്‍ത്തിയാക്കുമെന്ന് പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്‌ത്രി. തെരഞ്ഞെടുപ്പിനായുള്ള അന്തിമ തിയതിയില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയാണ്. തെരഞ്ഞെടുപ്പിനായുള്ള നടപടിക്രമങ്ങള്‍ പാര്‍ട്ടി ആരംഭിച്ചിട്ടുണ്ടെന്നും മധുസൂദനന്‍ മിസ്‌ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിന്‍റെ അന്തിമ തിയതിക്ക് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന പ്രതിനിധികളുടെ അന്തിമ പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി ഉന്നത നേതൃത്വത്തിന്‍റെ യോഗം ഉടന്‍ ചേരുമെന്നും മധുസൂദന്‍ മിസ്‌ത്രി വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം തന്നെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളിലേക്കും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ ഓരോ അംഗങ്ങള്‍ക്കുമായുള്ള തെരഞ്ഞെടുപ്പ് 2022 ഏപ്രിൽ 16 മുതൽ മെയ് 31 വരെ നടത്തുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അറിയിച്ചിരുന്നു. ജില്ല കമ്മിറ്റി മേധാവികളെയും എക്‌സിക്യൂട്ടീവിനെയും ജൂൺ 1 നും ജൂലൈ 20 നും ഇടയിലും, പിസിസി മേധാവികളെയും എഐസിസി അംഗങ്ങളെയും 2022 ജൂലൈ 21 നും ഓഗസ്റ്റ് 20 നും ഇടയിലും, എഐസിസി പ്രസിഡന്‍റിനെ ഓഗസ്റ്റ് 21 നും സെപ്റ്റംബർ 20 നും ഇടയിലും തെരഞ്ഞെടുക്കുമെന്നാണ് നേരത്തെ തീരുമാനിച്ചത്.
അതേസമയം, തെരഞ്ഞെടുപ്പ് പ്രക്രിയയേയും അതിന്‍റെ സുതാര്യതയും ജി23 നേതാക്കള്‍ സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. രാജ്യസഭ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ഭൂപീന്ദർ സിങ് ഹൂഡ, മനീഷ് തിവാരി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ കീഴ്‌ഘടകം മുതലുള്ള തെരഞ്ഞെടുപ്പുകള്‍ സുതാര്യമായി നടത്തണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ അവകാശപ്പെടുമ്പോഴും നേതൃമാറ്റത്തെ ചുറ്റിപ്പറ്റി കനത്ത അതൃപ്‌തിയാണ് പുകയുന്നത്.
കോണ്‍ഗ്രസിലെ പ്രതിസന്ധി: നേതൃസ്ഥാനത്തേക്ക് എത്തുന്ന നേതാവ് ആര് എന്നതില്‍ കോണ്‍ഗ്രസില്‍ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല. ഭൂരിഭാഗം നേതാക്കളും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തണം എന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പില്‍ പ്രതിസന്ധി രൂക്ഷമായത്.
രാഹുല്‍ ഗാന്ധി തീരുമാനം മാറ്റി പാര്‍ട്ടി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് പല നേതാക്കളുടെയും ആവശ്യം. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത്. പല മുതിര്‍ന്ന നേതാക്കളുടെയും ആവശ്യം നിരസിച്ചാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചത്. തുടര്‍ന്നാണ് പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ചുമതല ഏറ്റെടുത്തത്.
പിന്നാലെ പാര്‍ട്ടിയുടെ എല്ലാ തലത്തിലും ആവശ്യപ്പെട്ട് ജി23 നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്ത് അയച്ചത്. തുടര്‍ന്ന് 2021 ഒക്‌ടോബര്‍ 16-നാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള അന്തിമ അനുമതി നല്‍കിയത്. സോണിയ ഗാന്ധിയുടെ പിന്‍ഗാമിയാകാന്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ആളെ കുറിച്ച് ഔപചാരിക ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ നിലവിലെ അധ്യക്ഷ തന്നെ തുടരുമെന്നാണ് പല നേതാക്കളും കരുതുന്നത്.