ഗഡഗ : കർണാടകയില്‍ കോൺഗ്രസ് പ്രവർത്തകന്‍ ഗജേന്ദ്ര സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി ആരോപണം. ബി.ജെ.പി നേതാവായ യുവതിയുടെ കുടുംബാംഗമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഉയര്‍ന്ന ആരോപണം. കൊല്ലപ്പെട്ടയാളുടെ പിതാവാണ് ഇക്കാര്യമുന്നയിച്ച് രംഗത്തെത്തിയത്.
കൊലപാതകം വഴിയില്‍ തടഞ്ഞുനിര്‍ത്തി : ഗഡഗ ജില്ലയിലെ ബെറ്റഗേരി മഞ്ജുനാഥയിലാണ് സംഭവം. പ്രതി ശിവരാജ് പൂജാര്‍, ബി.ജെ.പി നേതാവ് ദീപ പൂജാറിന്‍റെ ഭർത്താവിന്‍റെ സഹോദരനാണെന്നും രാഷ്‌ട്രീയ വൈരാഗ്യമാണ് വധത്തിന് കാരണമെന്നും കുടുംബം പറയുന്നു. ശനിയാഴ്ച, ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗജേന്ദ്ര സിങിനെ, ശിവരാജ് പൂജാറും കൂട്ടാളികളും ചേര്‍ന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
രക്തത്തിൽ കുളിച്ചുകിടന്ന ഗജേന്ദ്രയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മഞ്ജുനാഥയിലെ നാലാം വാർഡിൽ നിന്നും ദീപ മത്സരിച്ചിരുന്നു. എന്നാല്‍ കോൺഗ്രസ് സ്ഥാനാർഥി ശകുന്തള അക്കിക്കുവേണ്ടി ഗജേന്ദ്ര സിങ് പ്രചാരണം നടത്തി. ഇതാണ് ശിവരാജിനെ പ്രകോപിപ്പിച്ചതെന്നും അതല്ല, ഇയാളുടെ കൂട്ടാളി ഒരു സ്ത്രീയ്‌ക്ക് മെസേജ് അയച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ആരോപണമുയരുന്നുണ്ട്.
പ്രതികള്‍ക്ക് പരിക്ക്, ചികിത്സയില്‍ : കൊലപാതകത്തിൽ പ്രകോപിതരായ ഗജേന്ദ്ര സിങ്ങിന്‍റെ സുഹൃത്തുക്കൾ ശിവരാജ് പൂജാറിനെയും കൂട്ടാളി മല്ലേഷ് കനകെയെയും ആക്രമിച്ചു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പരിക്കേല്‍പ്പിച്ചത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെത്തുടർന്ന്, ബെറ്റഗേരിയിലെ മഞ്ജുനാഥ നഗരത്തിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. തുടർന്ന്, പൊലീസ് കനത്ത സുരക്ഷയൊരുക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.