പനജി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ ഗോവയിൽ രാഷ്‌ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. സർക്കാർ രൂപീകരിക്കുന്നതിനായി ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുമായി ഇന്ന് മൂന്ന് മണിയ്‌ക്ക് കൂടിക്കാഴ്‌ച നടത്തും. 2017ന്‍റെ ആവർത്തനം ഉണ്ടാകാതിരിക്കാനാണ് കോണ്‍ഗ്രസ് ഇത്തവണ ഒരു മുഴം മുന്നേ എറിഞ്ഞത്.
ഒടുവിലെ കണക്കുകൾ പുറത്തുവരുമ്പോൾ ബിജെപി 20 സീറ്റുകളിലും, കോണ്‍ഗ്രസ് 17 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. തൃണമൂൽ കോണ്‍ഗ്രസ് നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. തൂക്ക് മന്ത്രിസഭ ഉണ്ടായാൽ സർക്കാർ രൂപീകരണത്തിൽ തൃണമൂലിന്‍റെ പങ്ക് നിർണായകമായിരിക്കും.
2017ലെ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടാനായെങ്കിലും 13 സീറ്റുകൾ മാത്രം നേടിയ ബിജെപി മറ്റ് സഖ്യ കക്ഷികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇത്തവണ ആ സാഹചര്യം ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. റിസോർട്ട് രാഷ്‌ട്രീയത്തിന് പേരുകേട്ട ഗോവയിലേക്ക് പി ചിദംബരത്തെയും ഡികെ ശിവകുമാറിനെയും കോണ്‍ഗ്രസ് നേരത്തേ തന്നെ അയച്ചിരുന്നു.
ഗോവയിൽ എക്‌സിറ്റ് പോളുകളിൽ തൂക്ക് മന്ത്രി സഭയ്‌ക്കാണ് സാധ്യതകൾ കൽപ്പിച്ചിരുന്നത്. അതിനാൽ തന്നെ മറുകണ്ടത്തേക്കുള്ള ചാട്ടം ഒഴിവാക്കാൻ കോണ്‍ഗ്രസ് എംഎൽഎമാരെ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു.