തിരുപ്പത്തൂർ: ഐഎസ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് എഞ്ചിനീയറിങ് വിദ്യാർഥിയെ എൻ.ഐ.എയുടെ നിര്‍ദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തു. തിരുപ്പത്തൂർ ആമ്പൂർ സ്വദേശി അനസ് അലിയാണ് പിടിയിലായത്. ആർക്കോട്ടിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ മൂന്നാം വർഷ വിദ്യാർഥിയാണ് അനസ്.
ശനിയാഴ്‌ച (ജൂലൈ 30) പുലർച്ചെ 4.50നായിരുന്നു അറസ്റ്റ്. എൻഐഎയും സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റും ചേർന്ന് 14 മണിക്കൂറോളം ഇയാളെ ചോദ്യം ചെയ്‌തു. അനസ് തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നതായും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ആ പ്രസ്ഥാനങ്ങളുടെ പോസ്റ്റുകൾ പങ്കിടുകയും ലൈക്ക് ചെയ്‌തിരുന്നതായും അധികൃതർ അറിയിച്ചു.
ഇന്ത്യയേയും സഖ്യരാജ്യങ്ങളെയും ഇസ്‌ലാമിക രാജ്യമാക്കി മാറ്റാൻ പദ്ധതിയിടുകയും അതിനായി അമ്പൂരിലെ പ്രമുഖനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും അമുസ്‌ലീങ്ങളായവരെ ഭയപ്പെടുത്താൻ അവരുടെ വീടുകൾ ബോംബിട്ട് തകർക്കാനും ഗൂഢാലോചന നടന്നതായും നിരോധിത പ്രസ്ഥാനങ്ങളിൽ ചേരുന്നത് സംബന്ധിച്ച ഫയലുകളും ഇയാൾ ശേഖരിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ പക്കൽ നിന്നും രണ്ട് ഫോണുകളും ഒരു ലാപ്ടോപ്പും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തതായും അധികൃതർ വെളിപ്പെടുത്തി.
അമ്പൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ശരവണന്‍റെ നേതൃത്വത്തിലുള്ള സംഘം വിദ്യാർഥിയെ അമ്പൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് ഇയാൾക്കെതിരെ 8 വകുപ്പുകൾ ചുമത്തി വെല്ലൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.