നീലഗിരി : ഊട്ടിക്ക് സമീപം കൂനൂരില്‍ കഴിഞ്ഞ ബുധനാഴ്‌ച (ഡിസംബർ 8) ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്‌റ്റര്‍ അപകടമുണ്ടായത്. അപകടം നടന്നതിന് പിന്നാലെ സംഭവസ്ഥലത്ത് നിന്നുള്ള നിരവധി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
അത്തരത്തിൽ ഹെലികോപ്റ്റർ പൊട്ടിത്തെറിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പുള്ള ദൃശ്യവും ഇന്നലെ (ഡിസംബർ 9) വ്യാപകമായി പ്രചരിക്കപ്പെട്ടു. കോയമ്പത്തൂരിലെ രാമനാഥപുരം സ്വദേശിയായ ജോ എന്നയാൾ പകർത്തിയതായിരുന്നു അത്.
READ MORE: Coonoor Ooty Army Helicopter Crash: സൈനിക ഹെലികോപ്റ്റര്‍ തകർന്നു വീഴുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ
അതേക്കുറിച്ച് ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറയുന്നതിങ്ങനെ:
'അന്ന് ഞാനും എന്‍റെ സുഹൃത്ത് നാസറും കുടുംബസമേതം യാത്ര പോയതായിരുന്നു. ഞങ്ങൾ നടന്നുപോകുകയായിരുന്ന ട്രാക്കിന്‍റെ വീഡിയോ എടുക്കുന്നതിനിടയിൽ ഒരു ഹെലികോപ്റ്റർ പറക്കുന്നത് കണ്ടു. നിമിഷങ്ങൾക്കകം ആ ഹെലികോപ്റ്റർ അപ്രത്യക്ഷമാവുകയും പെട്ടെന്നൊരു സ്ഫോടന ശബ്‌ദം കേൾക്കുകയും ചെയ്തു. ഏകദേശം നാല് മുതൽ അഞ്ച് സെക്കന്‍റിനുള്ളിലാണ് അത് സംഭവിച്ചത്. ഞങ്ങൾ സംഭവസ്ഥലത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. പിന്നീട് സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഞങ്ങൾ ടെലിവിഷനിലൂടെയാണ് ഹെലികോപ്റ്റർ അപകടത്തെ പറ്റിയുള്ള വിവരങ്ങൾ അറിയുന്നത്. തുടർന്ന് ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്ന വീഡിയോ അധികൃതരെ നേരിൽ കണ്ട് കൈമാറി'
ജോയോടൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന സുഹൃത്ത് നാസർ പറയുന്നു:
'എന്‍റെ സുഹൃത്ത് ജോ പകർത്തിയ ദൃശ്യങ്ങളാണവ. ഹെലികോപ്റ്റർ ഒരു മരത്തിന്‍റെ ചില്ലയിൽ ഇടിച്ചുവീഴുന്ന ശബ്‌ദമാണ് ഞങ്ങൾ കേട്ടത്. തുടർന്ന് ഹെലികോപ്റ്റർ തകരുന്നതിന് മുമ്പുള്ള ദൃശ്യം അവിടെയുണ്ടായിരുന്ന പൊലീസിന് കൈമാറി ഞങ്ങൾ മടങ്ങി'
സംയുക്തസേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് തകർന്നുവീഴുകയായിരുന്നു. റാവത്ത് ഉള്‍പ്പടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും ബുധനാഴ്‌ച മരിച്ചിരുന്നു.