ബെംഗളൂരു: കര്‍ണാടക സര്‍ക്കാറിന്‍റെ പ്രധാന പദ്ധതികളിലൊന്നായ 'ഗൃഹ ലക്ഷ്‌മി' സ്‌കീമിന്‍റെ ഉദ്‌ഘാടനം ഇന്ന്. വിധാന്‍ സൗധയില്‍ വൈകിട്ട് 5.30ന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉദ്‌ഘാടനം നിര്‍വഹിക്കുക. പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ നടപടികളും ഇന്ന് ആരംഭിക്കും.
സ്‌കീമില്‍ അംഗങ്ങളാകുന്ന വീട്ടമ്മമാര്‍ക്ക് മാസം തോറും 2000 രൂപ ലഭിക്കും. കോണ്‍ഗ്രസ് ഭരണത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന നാലാമത്തെ പദ്ധതിയാണ് ഗൃഹ ലക്ഷ്‌മി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
സ്‌ത്രീ ശാക്തീകരണം പദ്ധതിയുടെ ലക്ഷ്യം : കര്‍ണാടകയിലെ സ്‌ത്രീ ശാക്തീകരണത്തിനുള്ള സര്‍ക്കാര്‍ സംരംഭമാണ് ഗൃഹ ലക്ഷ്‌മി സ്‌കീം. സ്‌ത്രീകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കുന്ന സ്‌കീമിലൂടെ അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടി കൊടുക്കുകയാണ് സ്‌കീമിന്‍റെ ലക്ഷ്യം. വീട്ടമ്മമാര്‍, ഭൂരഹിതരായ സ്‌ത്രീകള്‍, കര്‍ഷക തൊഴിലാളികള്‍ എന്നിവര്‍ക്കാണ് സ്‌കീമിലൂടെ സഹായം ലഭിക്കുക.
രജിസ്ട്രേഷൻ പ്രക്രിയ : ഗ്രാമപ്രദേശങ്ങളിലുള്ള സ്‌ത്രീകള്‍ക്ക് സ്‌കീമില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് 'ഗ്രാം വണ്‍ സെന്‍റര്‍' അല്ലെങ്കില്‍ 'ബാപ്പുജി സെന്‍റര്‍' എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന് സാധിക്കാത്ത ആളാണെങ്കില്‍ 1902 എന്ന നമ്പരിലേക്ക് എസ്എംഎസ് അയക്കുകയോ അല്ലെങ്കില്‍ 8147500500 എന്ന നമ്പറില്‍ വാട്‌സ്‌ആപ്പില്‍ ബന്ധപ്പെട്ടും സഹായം തേടാവുന്നതാണ്. ഇനി സ്വന്തമായി രജിസ്റ്റര്‍ ചെയ്യുന്നവരാണെങ്കില്‍ സേവ സിന്ധു എന്ന പോര്‍ട്ടലിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.
രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍ : സര്‍ക്കാര്‍ സ്‌ത്രീകള്‍ക്കായി നടപ്പിലാക്കുന്ന ഈ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്‌ബുക്കിന്‍റെ വിശദാംശങ്ങള്‍ എന്നിവ ആവശ്യമാണ്. രജിസ്ട്രേഷന്‍ ചെയ്‌ത് കഴിഞ്ഞാല്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായി കാണിക്കുന്ന എസ്‌എംഎസ് ലഭിക്കും.
രജിസ്ട്രേഷന്‍ സൗജന്യം : സര്‍ക്കാറിന്‍റെ പുതിയ സ്‌കീമില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന സ്‌ത്രീകള്‍ക്ക് തങ്ങള്‍ നല്‍കിയ അക്കൗണ്ടിലേക്ക് മാസം തോറും 2,000 രൂപ ക്രെഡിറ്റ് ചെയ്യപ്പെടും. സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. രജിസ്ട്രേഷന് നിലവില്‍ അവസാന തിയ്യതി നല്‍കിയിട്ടില്ല. സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നതിന് ഏകദേശം 30,000 കോടി രൂപ ചെലവിലാണ്.
ഗൃഹ ലക്ഷ്‌മി സ്‌കീം വ്യവസ്ഥകൾ : ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിതരണം ചെയ്യുന്ന അന്ത്യോദയ, ബിപിഎൽ, എപിഎൽ റേഷൻ കാർഡുകളിൽ പേരുള്ള സ്‌ത്രീകള്‍ക്കാണ് സ്‌കീമിലൂടെ സഹായം ലഭിക്കുക. ഒരു കുടുംബത്തില്‍ ഒന്നിലധികം സ്‌ത്രീകളുണ്ടെങ്കില്‍ ഒരു സ്‌ത്രീയ്‌ക്ക് മാത്രമെ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം.