ചെന്നൈ: ആദിവാസി വിഭാഗങ്ങൾക്കായി 4.53 കോടി രൂപയുടെ ക്ഷേമപദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്‌നാട് പൂഞ്ചേരിയിലെ നരിക്കുരവർ, ഇരുള വിഭാഗങ്ങൾക്കായാണ് പദ്ധതി ഉദ്ഘാടനം ചെയ്‌തത്.
ഇതിന്‍റെ ഭാഗമായി ഈ വിഭാഗങ്ങളിലെ 282 പേർക്ക് കുടുംബകാർഡ്, വോട്ടർ ഐഡി കാർഡ്, ജാതി സർട്ടിഫിക്കറ്റ്, ക്ഷേമനിധി കാർഡുകൾ, പരിശീലന ഉത്തരവുകൾ, ബാങ്ക് ലോൺ, കലൈഞ്ജർ നഗരവികസന പദ്ധതി നിർദേശാനുമതി, വികസന പദ്ധതി പ്രവർത്തനങ്ങൾക്കുള്ള ഉത്തരവ് എന്നിവ മുഖ്യമന്ത്രി സ്റ്റാലിൻ വിതരണം ചെയ്തു.
ALSO READ:അടിസ്ഥാന സൗകര്യ വികസനവും കണക്റ്റിവിറ്റിയും അതിവേഗം പുരോഗമിക്കുന്നു: പ്രധാനമന്ത്രി
കൂടാതെ മാമല്ലപുരം ക്ഷേത്രത്തിൽ അന്നദാനം നിഷേധിക്കപ്പെട്ട നരിക്കുരവർ വിഭാഗത്തിലെ അശ്വിനിക്കും മുഖ്യമന്ത്രി പട്ടയം കൈമാറി. അശ്വിനിക്ക് അന്നദാനം നിഷേധിക്കപ്പെട്ടുവെന്ന വാർത്ത വലിയ രീതിയിൽ വിവാദമായതിനെ തുടർന്ന് തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർ ബാബു അതേ ക്ഷേത്രത്തിലെത്തി അശ്വിനിയുമായി ഉച്ചഭക്ഷണം കഴിച്ചിരുന്നു.
പദ്ധതിക്ക് തുടക്കമിട്ട ശേഷം ആദിവാസി മേഖലകളിലെ വീടുകൾ സന്ദർശിച്ച മുഖ്യമന്ത്രി സ്റ്റാലിൻ, അവരുടെ പരാതികളും ചോദിച്ചറിഞ്ഞു. കൂടാതെ അദ്ദേഹം അശ്വിനിയുടെയും വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.