ഷിംല: സെറാജ് മണ്ഡലത്തില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ജയ് റാം താക്കൂര്‍ 22,000 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസിന്‍റെ ചേത് റാം ആണ് ജയ് റാം താക്കൂറിന്‍റെ എതിരാളി. തന്‍റെ മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാനും ഇതര സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാനുമുള്ള കഠിന ശ്രമത്തിലായിരുന്നു 57 കാരനായ താക്കൂര്‍.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ് പ്രതിനിധീകരിക്കുന്ന മണ്ഡി ലോക്‌സഭ മണ്ഡലത്തിന് കീഴിലാണ് സെറാജ് മണ്ഡലം. 1998, 2003, 2007, 2012, 2017 വർഷങ്ങളിൽ സെറാജില്‍ നിന്ന് താക്കൂര്‍ അഞ്ച് തെരഞ്ഞെടുപ്പുകള്‍ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷങ്ങളായി സെറാജില്‍ വിജയം ബിജെപിക്കാണ്.
2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 11,000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയ് റാം താക്കൂർ ചേത് റാമിനെ പരാജയപ്പെടുത്തിയത്. 75,000 വോട്ടർമാരുള്ള മണ്ഡലത്തില്‍ നിന്ന് ആറ് പേരാണ് ജനവിധി തേടുന്നത്. ജയ് റാം താക്കൂറിനെയും ചേത് റാമിനെയും കൂടാതെ സിപിഎം സ്ഥാനാര്‍ഥി മഹേന്ദര്‍ സിങ്, എഎപിയുടെ ഗീത നന്ദ്, ബിഎസ്‌പി നേതാവ് ഇന്ദ്ര ദേവി, സ്വതന്ത്രനായ നരേന്ദർ കുമാർ എന്നിവരാണ് മത്സരരംഗത്തുള്ളത്.
ഹിമാചല്‍ പ്രദേശിലെ 68 അംഗ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. ഭരണം നിലനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ വ്യക്തിഗത പ്രചാരണം വിജയിച്ചോ ഇല്ലയോ എന്നുള്ള കാത്തിരിപ്പിലാണ് നേതാക്കള്‍.