ബെംഗളൂരു : ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്‍റ് സികെ നാണു, സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിം എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കി എന്നാണ് പാര്‍ട്ടി വിശദീകരണം. ഇന്ന് (ഡിസംബര്‍ 9) ബെംഗളൂരുവിലെ ജെഡിഎസ് ഹെഡ് ഓഫിസില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം (JDS State President CM Ibrahim).
യോഗത്തിന് ശേഷം വാര്‍ത്ത സമ്മേളനത്തിലാണ് ദേവഗൗഡ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വൈസ് പ്രസിഡന്‍റായ സികെ നാണു സമാന്തര യോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം സികെ നാണുവും സിഎം ഇബ്രാഹിമും ചേര്‍ന്ന് ബെംഗളൂരുവില്‍ ജെഡിഎസില്‍ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇത് പാര്‍ട്ടി ഭരണഘടനയ്‌ക്ക് എതിരാണെന്നും മാത്രമല്ല ഇത്തരമൊരു യോഗത്തിന് ദേശീയ നേതൃത്വത്തിന്‍റെ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎം ഇബ്രാഹിമിനെതിരെയും നടപടിയുണ്ടായത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് നേരത്തെയും സിഎം ഇബ്രാഹിമിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തിരുന്നു (CM Ibrahim And CK Nanu expelled from JDS).
ദേവഗൗഡ പറഞ്ഞത് ഇങ്ങനെ: 'ദേശീയ അധ്യക്ഷന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നാണു ബദല്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. അതുകൊണ്ട് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നു. അതുപോലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതായി സിഎം ഇബ്രാഹിമിനെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. ഇത് വീണ്ടും തുടരുന്ന സാഹചര്യം കണക്കിലെടുത്ത് അദ്ദേഹത്തെയും പാര്‍ട്ടി പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ട്' (HD Deve Gowda).
കേരള ജെഡിഎസ് ഘടകം എല്‍ഡിഎഫിനൊപ്പം തുടരും. ഇക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ല. ഇന്ത്യന്‍ മുന്നണിയിലേക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് ഏതാനും ചില നിബന്ധനകള്‍ അദ്ദേഹം നിരത്തി. മാത്രമല്ല ഇന്ത്യന്‍ മുന്നണി സഖ്യത്തില്‍ നിന്നും തങ്ങളെ ഒഴിവാക്കുകയും ചെയ്‌തു. അത്തരം സാഹചര്യങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി താത്‌പര്യ പ്രകാരമാണ് ബിജെപിയുമായി സഖ്യമുണ്ടാക്കേണ്ടി വന്നതെന്നും ഗൗഡ പറഞ്ഞു.
സിഎം ഇബ്രാഹിമിനെ കുറിച്ച് ചോദ്യങ്ങള്‍ ആരാഞ്ഞ മാധ്യമങ്ങളോട് സിഎം ഇബ്രാഹിം എവിടെ നിന്നാണ് വന്നത് എന്ന് ഗൗഡ ചോദിച്ചു. ഞാന്‍ അദ്ദേഹത്തെ തന്‍റെ സ്വന്തം മുറിയിലാണ് താമസിപ്പിച്ചത്. പക്ഷെ അദ്ദേഹം ഇപ്പോള്‍ ഒരുപാട് മാറിയിരിക്കുന്നു. അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിനായി ബിജെപി-ജെഡിഎസ് സഖ്യം പ്രഖ്യാപിച്ചത് മുതല്‍ ജെഡിഎസ് പാര്‍ട്ടിക്കും തനിക്കും മുന്‍ മുഖ്യമന്ത്രിയായ കുമാരസ്വാമിക്കും എതിരെ സിഎം ഇബ്രാഹിം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പാര്‍ട്ടിക്കെതിരെ അദ്ദേഹം യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികളില്‍ മുഴുകുന്ന അദ്ദേഹം താനാണ് ജെഡിഎസിന്‍റെ യഥാര്‍ഥ സംസ്ഥാന അധ്യക്ഷന്‍ എന്നും പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് കൊണ്ടാണ് ഇന്ന് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തതെന്നും ദേവഗൗഡ പറഞ്ഞു.
നാണു യോഗം വിളിച്ചത് ഡിസംബര്‍ 11ന് (Nanu called the meeting on December 11): ഡിസംബര്‍ 11നാണ് സികെ നാണു ദേശീയ പ്രവര്‍ത്തക യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ നാണു വിളിച്ച ഈ യോഗത്തെ കുറിച്ച് ഇന്നലെയാണ് (ഡിസംബര്‍ 8) സിഎം ഇബ്രാഹിം ദേവഗൗഡ അടക്കമുള്ള നേതാക്കളോട് വിവരം അറിയിച്ചത്. ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നേതാക്കന്മാരെയെല്ലാം നാണു യോഗത്തിന് ക്ഷണിക്കുകയും ചെയ്‌തിട്ടുണ്ട്. യോഗത്തെ കുറിച്ച വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇന്ന് (ഡിസംബര്‍ 9) എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
കര്‍ണാടകയിലെ ജെഡിഎസ് നേതാക്കള്‍ക്ക് പുറമെ തെലങ്കാന, ആന്ധ്രപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കന്മാരെല്ലാം ബെംഗളൂരുവിലെ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുത്തിരുന്നു.