ചണ്ഡീഗഡ്: പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പങ്കെടുക്കും. ഇന്ന്(ജൂലൈ 23) ആണ് നവജ്യോത് ചുമതലയേല്‍ക്കുന്നത്. ജൂലൈ 18നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ദുവിനെ പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചത്.
പാര്‍ട്ടിയിലെ രൂക്ഷമായ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടായിരുന്നു സിദ്ദവിന്‍റെ നിയമനം. എന്നാല്‍ അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മിലുള്ള പോര് നിയമനത്തിന് ശേഷവും തുടര്‍ന്നു. സിദ്ദുവിന്‍റെ നിയമനത്തില്‍ അമരീന്ദര്‍ സിങ്ങിന് കടുത്ത അതൃപ്‌തിയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ അപകീര്‍ത്തിപരമായ ആരോപണങ്ങളില്‍ പരസ്യമായി മാപ്പ് പറയുന്നത് വരെ മുഖ്യമന്ത്രി സിദ്ദുവുമായി കൂടിക്കാഴ്ച നടത്തില്ലെന്നും ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിക്കുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍, ക്യാബിനറ്റ് മന്ത്രിമാര്‍ തുടങ്ങിയവരും പഞ്ചാബ് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഫത്തേഗഡ് സാഹിബ് എംഎൽഎ കുൽജിത്ത് സിങ് നാഗ്രയാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ജലാലാബാദ് എംഎല്‍എ രമീന്ദര്‍ സിങ് അവാലയും അറിയിച്ചു.
Also Read: ഇന്ത്യ-ചൈന 12-ാം ഘട്ട കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച ഉടൻ