കുളു: ശക്തമായ മഴയിൽ ഹിമാചലിലെ പലയിടങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഉണ്ടായി. കുളു ജില്ലയിലെ ആനി ബ്ലോക്കിൽ വ്യാഴാഴ്‌ചയുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴ് വാഹനങ്ങൾ ഒഴുകിപ്പോയി. ഷില്ലി ഗ്രാമപഞ്ചായത്തിലെ ഖാദേഡ് ഗ്രാമത്തിലുള്ള വീടിനു മുകളിൽ അവശിഷ്‌ടങ്ങൾ വീണ് സ്ത്രീയും 17 വയസുള്ള മകളും മരണപ്പെട്ടു.
ആനിയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ കോടികളുടെ നഷ്‌ടമാണ് വിലയിരിത്തിയിട്ടുള്ളത്. നിലവിലെ കാലാവസ്‌ഥ കണക്കിലെടുത്ത് ജില്ല ഭരണകൂടം ആനി സബ് ഡിവിഷനിലെ എല്ലാ സ്‌കൂളുകൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്‌ചയായി കുളുവിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
അഞ്ച് കാറുകളും രണ്ട് ബൈക്കുകളുമാണ് ഒലിച്ചുപോയത്. ഇതിൽ രണ്ടെണ്ണം മാത്രം അവശിഷ്‌ടങ്ങൾക്കടിയിൽ നിന്നും കണ്ടെടുത്തു. ഒരു മിൽമ പ്ലാന്‍റിനും നാശം സംഭവിച്ചിട്ടുണ്ട്.
കൂടാതെ ആപ്പിൾ സീസണിനായി തൊളിലാളികൾ സൂക്ഷിച്ച് വച്ചിരുന്ന ഒരുപാട് സാധനങ്ങളും ഒലിച്ചുപോയി. നിർത്താതെയുള്ള മഴയിൽ ജില്ലയിലെ ജലാശയങ്ങളിൽ വെള്ളത്തിന്‍റെ അളവ് ഉയർന്നിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കുളു ഡെപ്യൂട്ടി കമ്മിഷണർ അഷുതോഷ് ഗാർഗ് അറിയിച്ചു.
ഹിമാചലിൽ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം ആഗസ്‌റ്റ് 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ നദീതീരങ്ങളിലേക്ക് പോകരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.