ഹൈദരാബാദ് : നെഹ്‌റു സുവോളജിക്കൽ പാർക്കിൽ എട്ട് സിംഹങ്ങൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹൈദരാബാദിലെ മൃഗശാലകൾ അടയ്ക്കണമെന്നും ആളുകള്‍ വളർത്തുമൃഗങ്ങളിൽ നിന്നും അകലം പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ. മുമ്പ് വിദേശത്ത് മൃഗങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും രാജ്യത്ത് ഇതാദ്യമയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിനാല്‍ ഏവരും ജാഗ്രത പാലിക്കണമെന്ന് ലബോറട്ടറി ഫോർ കൺസർവേഷൻ ഓഫ് എൻഡേഞ്ചർഡ് സ്പീഷിസിന്റെ ചുമതലയുള്ള ഡോ. കാർത്തികേയൻ വാസുദേവൻ ഇടിവി ഭാരതിനോട് പറഞ്ഞു.
Also read: ഹൈദരാബാദ് നെഹ്‌റു മൃഗശാലയിലെ സിംഹങ്ങൾക്ക് കൊവിഡ്
കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. യുഎസ്, യൂറോപ്പ്, ഹോങ്കോങ് എന്നിവിടങ്ങളിൽ ഇത്തരം കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ മൃഗങ്ങളിലേക്ക് വൈറസ് പകരുന്നത് തടയാൻ മൃഗശാലകളും വന്യജീവി സങ്കേതങ്ങളും അടയ്ക്കണമെന്ന് വാസുദേവൻ നിർദ്ദേശിച്ചു. കൊവിഡ് വ്യാപനം അവസാനിക്കുന്നതുവരെ വളർത്തുമൃഗങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതാണ് നല്ലത്. എന്തെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ വളര്‍ത്തുമൃഗങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.