ഇംഫാൽ: മണിപ്പൂരിൽ മുഖ്യമന്ത്രി ബരേൻ സിങ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം. സംരക്ഷിത വനങ്ങളിൽ നിന്ന് കുക്കി ഗ്രാമവാസികളെ കുടിയൊഴിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ചുരാചന്ദ്പൂർ ജില്ലയിൽ ഇന്നലെ ബന്ദ് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബരേൻ സിങ് പങ്കെടുക്കാനിരുന്ന ചുരാചന്ദ്പൂരിലെ ന്യൂ ലാംകയിലെ സദ്ഭാവന മണ്ഡപത്തിൽ പ്രകടനക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്.
ജില്ലയിൽ പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷ സേന ബാറ്റൺ, കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ എന്നിവ ഉപയോഗിച്ചു. പൊലീസ് നടപടിയിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്‌തതായി നഗരത്തിൽ അഭ്യൂഹങ്ങൾ പരന്നതോടെ സ്ഥിതി രൂക്ഷമായി. പ്രതിഷേധക്കാർ പൊലീസ് സേനയ്‌ക്ക് നേരെ കല്ലേറ് നടത്തിയതിനെ തുടർന്നാണ് പൊലീസിന് ജനക്കൂട്ടത്തിന് നേരെ കണ്ണീർ വാതകം പ്രയോഗിക്കേണ്ടിവന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബന്ദിന് ആഹ്വാനം ചെയ്‌ത് ഐടിഎൽഎഫ് : ഗോത്രവർഗ ആധിപത്യമുള്ള തെക്കൻ മണിപ്പൂർ ജില്ലയായ ചുരാചന്ദ്പൂർ ജില്ലയിൽ വനം കൈയേറ്റം ഒഴിപ്പിക്കൽ എന്ന പേരിൽ ബിജെപി സർക്കാർ ഗോത്രമേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയിരുന്നു. വനമേഖലകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി മണിപ്പൂരിൽ സർവ്വേ നടത്തുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) വെള്ളിയാഴ്‌ച ജില്ലയിൽ എട്ട് മണിക്കൂർ നീണ്ട ബന്ദ് സംഘടിപ്പിച്ചു.
പ്രതിഷേധക്കാർ റോഡ് ടയറുകൾ കത്തിച്ച് ഉപരോധിച്ചു. നഗരത്തിലെ മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചില്ല. തുടർന്ന് ന്യൂ ലാംക ടൗൺ വിജനമായി. സുരക്ഷ ഉദ്യോഗസ്ഥരുടേതൊഴികെ മറ്റൊരു വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ബന്ദ് വൈകുന്നേരം 4 മണിയോടെ സമാപിച്ചു. എന്നിരുന്നാലും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ സേനയെ വിന്യസിക്കുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു : സദ്ഭാവന മണ്ഡലത്തിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യാനും ന്യൂ ലാംക ടൗണിലെ പി ടി സ്‌പോർട്‌സ് കോംപ്ലക്‌സിലെ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്യാനുമായാണ് മുഖ്യമന്ത്രി ചുരാചന്ദ്പൂരിൽ എത്താനിരുന്നത്. എന്നാൽ, പ്രതിഷേധവും ബന്ദ് ആഹ്വാനവും കാരണം മുഖ്യമന്ത്രി സന്ദർശനം മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കാനിരുന്ന വേദി പ്രതിഷേധക്കാർ ആക്രമിക്കുകയും 100 ഓളം കസേരകൾക്കും മറ്റ് ഉപകരണങ്ങൾക്കും തീയിടുകയും ചെയ്‌തു.
തന്നെ ക്ഷണിച്ച സ്ഥലത്തെ എംഎൽഎ ചടങ്ങ് മാറ്റിവയ്‌ക്കുന്നുവെന്ന് അറിയിച്ചു. തുടർന്ന് ചുരാചന്ദ്പൂർ ജില്ല സന്ദർശനം മാറ്റിവച്ചു എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചുരാചന്ദ്പൂർ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സംഘർഷാവസ്ഥ പരിഗണിച്ച് നഗരത്തിലെ എല്ലാ പ്രധാന ജംഗ്ഷനുകളിലും മറ്റ് പ്രദേശങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Also read : ദലിത് നേതാവ് കൊല്ലപ്പെട്ട സംഭവം: അക്രമാസക്തമായി ബിഹാര്‍, പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് കത്തിച്ചു
Also read : 'ആ നിമിഷം ഞാന്‍ മരണം ആഗ്രഹിക്കും': ഗുസ്‌തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ ബ്രിജ് ഭൂഷണിന്‍റെ വീഡിയോ പുറത്ത്