ഹൈദരാബാദ്: വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെകിന് സുരക്ഷ ഒരുക്കി സിഐഎസ്എഫ്. ഷമീർപേട്ടിലെ ജീനോം വാലിയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ നിർമാണശാലകൾ സിഐഎസ്എഫിന്‍റെ സായുധ സംഘം സുരക്ഷിതമാക്കും. സിഐഎസ്‌എഫ് ടീമിന് നേതൃത്വം നൽകുന്നത് ഇൻസ്പെക്ടർ ലെവൽ ഓഫീസർ ആയിരിക്കും. ജൂൺ 14 മുതൽ സുരക്ഷാ ചുമതലകൾ ആരംഭിക്കുമെന്ന് സിഐഎസ്എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലും ചീഫ് വക്താവുമായ അനിൽ പാണ്ഡെ പറഞ്ഞു.
ഭാരത് ബയോടെകിൽ സിഐഎസ്എഫിനെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ അനുമതി നൽകിയിരുന്നു. രാജ്യത്തിന്‍റെ മെഡിക്കൽ, ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഭാരത് ബയോടെക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിരവധി ഭീഷണിയാണ് കമ്പനി നേരിടുന്നത്.
Also Read: സ്വകാര്യ ആശുപത്രികളിലെ വാക്‌സിന് വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ
നിലവിൽ ലഭ്യമായ രണ്ട് അംഗീകൃത വാക്‌സിനുകളിൽ ഭാരത് ബയോടെകിന്‍റെ കൊവാക്‌സിനും ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ നിർമിക്കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. പൂനെയിലെയും മൈസൂരുവിലെയും ഇൻഫോസിസ് കാമ്പസുകൾ, നവി മുംബൈയിലെ റിലയൻസ് ഐടി പാർക്ക്, ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ യോഗാചാര്യൻ രാംദേവിന്‍റെ പതഞ്ജലി ഫാക്ടറി എന്നിവയുൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള 10ഓളം മേഖലകളിലാണ് സിഐഎസ്‌എഫ് കാവൽ നിൽക്കുന്നത്.