പട്ന: ബിഹാറിൽ എൽജെപിക്ക് തിരിച്ചടി. ലോക്‌സഭയിലെ ആറ് എംപിമാരിൽ അഞ്ചുപേർ വിമതപക്ഷത്തായി. പാർട്ടിയുടെ നിലവിലെ തലവൻ ചിരാഗ് പാസ്വാനെ പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ഇവരുടെ ആവശ്യം.
ചിരാഗിന്‍റെ അമ്മാവനും ഹാജിപൂർ എംപിയുമായ പശുപതി പരാസിനെ പാർലമെന്‍റെറി പാർട്ടി നേതാവാക്കണമെന്നും ഇവര്‍ പറയുന്നു. അല്ലാത്ത പക്ഷം പാർട്ടി വിടുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. എൽജെപി അവഗണിച്ചതിനെ തുടർന്ന് പശുപതിയും ചിരാഗും തമ്മിൽ പിണക്കത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ചിരാഗും പശുപതിയും എൽജെപിയും
പശുപതി പരാസ് ബിഹാർ എൽജെപിയുടെ പ്രസിഡന്‍റായും ബിഹാർ സർക്കാരിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാര്‍ലമെന്‍റിലേക്ക് മത്സരിച്ചു. എന്നാൽ പിന്നീട് ചിരാഗ് അദ്ദേഹത്തിന് പകരം ബിഹാർ എൽജെപി അധ്യക്ഷനായി.
പശുപതി ഉടൻ ലോക്‌സഭ സ്പീക്കർ ഓം ബിർളയെ കാണുമെന്നാണ് സൂചന. വിമത എംപിമാർ ജനതാദൾ യുണൈറ്റഡില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൽജെപി ജെഡിയുവിന് വളരെയധികം നഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ എൽജെപി എല്ലാ സീറ്റുകളിലും ജെഡിയുവിനെതിരെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.
Also read: എല്‍ജെപിക്ക് തിരിച്ചടി; നേതാക്കള്‍ ജെഡിയുവിലേക്ക്
മുൻ കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായിരുന്ന രാം വിലാസ് പാസ്വാന്‍റെ മരണത്തെത്തുടർന്നാണ് ചിരാഗ് പാര്‍ട്ടിയെ നയിക്കാനാരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ വിമതരായ എൽജെപി എംപിമാർ ചിരാഗിന്‍റെ നേതൃത്വത്തിൽ കുറച്ചുനാളായി അതൃപ്തിയിലാണ്. എൻഡിഎയുടെ ഭാഗമാണ് എൽജെപി.