ന്യൂഡൽഹി: എൽജെപി നേതാവായി പശുപതി കുമാർ പരസിനെ നിയമിച്ച നടപടി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ലോക്സഭ സ്പീകർക്ക് കത്തയച്ച് ചിരാഗ് പാസ്വാൻ. ചൊവാഴ്ചയാണ് ചിരാഗ് പാസ്വാനെ ലോക് ജനശക്തി പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.എൽജെപി നേതാവെന്ന നിലയിൽ തനിക്ക് അനുകൂലമായി പുതിയ സർക്കുലർ പുറപ്പെടുവിക്കണമെന്നും ചിരാഗ് ലോക്സഭാ സ്പീക്കറോട് അഭ്യർഥിച്ചു.
പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സ്ഥാനത്തേക്ക് ഒരാളെ പരിഗണിക്കുമ്പോൾ അതിന് വ്യക്തമായി നിയമങ്ങൾ പാർട്ടി ഭരണഘടനയിൽ ഉണ്ട്. എന്നാൽ പശുപതി പരസിനെ നിയമിച്ചത് പാർട്ടിയുടെ ഭരണഘടനയുടെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും സ്പീകർക്കെഴുതിയ കത്തിൽ ചിരാഗ് വ്യക്തമാക്കുന്നു. ഇതെല്ലാം കണക്കിലെടുത്ത് ജൂൺ 13 ലെ തീരുമാനം പുനഃപരിശോധിക്കണമെന്നും എൽജെപിയുടെ ലോക്സഭയിലെ നേതാവെന്ന നിലയിൽ തനിക്ക് അനുകൂലമായി പുതിയ സർക്കുലർ പുറപ്പെടുവിക്കണമെന്നും ചിരാഗ് കത്തിൽ ആവശ്യപ്പെടുന്നു.
ചിരാഗിന് തിരിച്ചടി
ചിരാഗ് പാസ്വാനെതിരേ ഇളയച്ഛന്‍ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തില്‍ വിമതനീക്കം നടത്തിയതിന് പിന്നാലെ ലോക് ജനശക്തി പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗിനെ ചൊവ്വാഴ്ച പുറത്താക്കിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ചിരാഗ് പാസ്വാനെ നീക്കം ചെയ്തതായാണ് വിമത എംപിമാര്‍ പറഞ്ഞത്.
Also read: എൽജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് ചിരാഗ് പാസ്വാനെ നീക്കി
എല്‍ജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായിരുന്നു ചിരാഗ് പാസ്വാന്‍. കഴിഞ്ഞ ദിവസം ചിരാഗ് ഒഴികെയുള്ള പാര്‍ട്ടിയുടെ എംപിമാര്‍ ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരിക്കുന്നത്.