മുംബൈ : മഹാരാഷ്‌ട്രയിലെ താനെയിൽ കുട്ടികളെ വിൽപ്പന നടത്തുന്ന റാക്കറ്റ് പിടിയിൽ. 20 ദിവസം പ്രായമുള്ള ആൺകുട്ടിയെ വിൽപ്പന നടത്താൻ ശ്രമിച്ച അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പിടിയിലായവരില്‍ കുട്ടിയുടെ അമ്മയും 61 വയസുള്ള വനിത ഡോക്‌ടറും ഉൾപ്പെടുന്നുവെന്നാണ് താനെ ക്രൈംബ്രാഞ്ച് ഇൻസ്പെക്‌ടർ ദിലീപ് പാട്ടീൽ പിടിഐയോട് പറഞ്ഞത്.
'ഉല്ലാസ് നഗർ സ്വദേശിയായ ഒരു വനിത ഡോക്‌ടർ നിർധനരായ ദമ്പതികൾക്ക് കൈക്കുഞ്ഞുങ്ങളെ വിൽക്കുന്നതായി ഞങ്ങൾക്ക് ഒരു സൂചന ലഭിച്ചു. ഇതിനെത്തുടർന്ന് കുട്ടികളെ വാങ്ങാനെന്ന വ്യാജേന പൊലീസ് ഡോക്‌ടറെ സമീപിക്കുകയായിരുന്നു. ഇങ്ങനെ സമീപിച്ച പൊലീസിനോട് 20 ദിവസം മാത്രം പ്രായമുള്ള ഒരു ആൺകുട്ടി ഉണ്ടെന്നും 7 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ കഴിയുമെന്നും ഡോക്‌ടർ അറിയിച്ചു. ഇങ്ങനെ കുട്ടിയെ കൈമാറുന്നതിനായി പണം കൈമാറുന്നതിനിടെയാണ് ഡോക്‌ടറെ അറസ്റ്റ് ചെയ്‌തത്' - പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
വനിത ഡോക്‌ടര്‍ കുഞ്ഞിന്‍റെ അമ്മ എന്നിവരെ കൂടാതെ മഹാരാഷ്‌ട്രയിലെ നാസിക് സ്വദേശികളായ രണ്ട് സ്‌ത്രീകളും കർണാടകയിലെ ബെൽഗാം സ്വദേശിയും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം, ജുവനൈൽ ജസ്റ്റിസ് നിയമം എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടികളെ വിൽക്കുന്ന റാക്കറ്റിനെയും പ്രതികളുടെ പ്രവർത്തനങ്ങളെയും കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്‌തമാക്കി.
യുവാക്കളെ കടത്തിയത് മലേഷ്യയിലേക്ക് : വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് യുവാക്കളെ മലേഷ്യയിലേക്ക് കടത്തിയിരുന്നു. ഇടുക്കി, നെടുങ്കണ്ടം സ്വദേശിയായ അഗസ്റ്റിന്‍ എന്നയാളാണ് യുവാക്കളിൽ നിന്ന് പണം വാങ്ങി ജോലിക്കായി കൊണ്ടുപോയത്. ജോലി ലഭിക്കുമെന്ന ഉറപ്പിൽ വിദേശത്തേക്ക് പോയ യുവാക്കൾ വിസയും മെച്ചപ്പെട്ട ജോലിയും ലഭിക്കാതെ കുടുങ്ങി കിടക്കുന്നതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.
മലേഷ്യയില്‍ സൂപ്പർ മാര്‍ക്കറ്റുകൾ, പാക്കിങ് വിഭാഗങ്ങൾ എന്നീ മേഖലകളിൽ ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. 80,000 രൂപ വരെ ശമ്പളം വാഗ്‌ദാനം ചെയ്‌തായിരുന്നു യുവാക്കളെ മലേഷ്യയിലേക്ക് കൊണ്ടുപോയത്. ജോലി ലഭിക്കുന്നതിനായി ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ യുവാക്കളില്‍ നിന്ന് വാങ്ങിയിരുന്നു. ചെന്നൈയില്‍ എത്തുമ്പോള്‍ വിസ കൈവശം ലഭിക്കുമെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് തായ്‌ലന്‍ഡില്‍ എത്തിച്ച ശേഷം രഹസ്യ മാര്‍ഗത്തിലൂടെ മലേഷ്യയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് യുവാക്കള്‍ വീട്ടുകാരെ അറിയിച്ചു.
ഏഴ് മാസങ്ങൾക്ക് മുൻപാണ് യുവാക്കളെ നാട്ടിൽ നിന്ന് ജോലിക്കായി കൊണ്ടുപോയത്. കഠിനമായ യാത്രയായിരുന്നുവെന്നും തായ്‌ലന്‍ഡില്‍ എത്തിയപ്പോള്‍ മാത്രമാണ് തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞതെന്നും യുവാക്കൾ കുടുംബത്തെ അറിയിക്കുകയായിരുന്നു. തട്ടിപ്പ് മനസിലായെങ്കിലും ഫോണും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ നേരത്തെ ബന്ധുക്കളെ വിവരം അറിയിക്കാനായില്ല.