ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ നാല് വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു. ആഗ്രയിലെ ധരിയായ് ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്‌ച രാവിലെ 8.30 ഓടെയാണ് 150 അടി താഴ്‌ചയുള്ള കുഴല്‍ കിണറിലേക്ക് കുട്ടി വീണത്. കളിക്കുന്നതിനിടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കിണറിലേക്ക് കയറിട്ട് പരിശോധിച്ചപ്പോള്‍ കുട്ടി പ്രതികരിച്ചുവെന്നും ഇതുവരെ അപായം ഒന്നും സംഭവിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തകര്‍ പറഞ്ഞു. കുട്ടിയുടെ അച്ഛനാണ് കിണര്‍ കുഴിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു.
also read: 20 മണിക്കൂര്‍ നീണ്ട പരിശ്രമം; കുഴൽക്കിണറിൽ വീണ നാല് വയസുകാരനെ രക്ഷപ്പെടുത്തി
സമാന രീതിയിലുള്ള അപകടം കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലും സംഭവിച്ചിരുന്നു. ജൂണ്‍ 11 നുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരനാണ് 50 അടി താഴ്‌ചയുള്ള കിണറിലേക്ക് വീണത്. നാഗ്‌പൂർ ജില്ലയിലെ റാംതേക്ക് ഗ്രാമത്തിലായിരുന്നു സംഭവം. വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.