ബിലാസ്‌പൂർ : ടീച്ചറുടെ ശകാരത്തിൽ നിന്ന് രക്ഷപ്പെടാൻ തന്നെ തട്ടിക്കൊണ്ടുപോയതായി സ്വയം കഥമെനഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥി. ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂർ ജില്ലയിലാണ് സംഭവം. കോട് കഹ്‌ലൂർ സ്വദേശിയായ കുട്ടിയാണ് തന്‍റെ 'വ്യാജ' തട്ടിക്കൊണ്ടുപോകലിന്‍റെ കഥ മാതാപിതാക്കളോട് വിവരിച്ചത്.
ബൈക്കിൽ മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ തന്നെ എന്തോ മണപ്പിച്ച് ബോധം കെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും പിന്നീട് ബോധം വന്നപ്പോൾ താൻ റോഡിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ടുകിടക്കുകയായിരുന്നെന്നും കുട്ടി വീട്ടുകാരോട് പറഞ്ഞു. ഈ സമയത്താണ് തട്ടിക്കൊണ്ടുപോയവരിൽ നിന്നും താൻ രക്ഷപ്പെട്ടതെന്നും കുട്ടി പറഞ്ഞു. തുടർന്നാണ് കുട്ടിയുടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്.
ബിലാസ്‌പൂർ പൊലീസ് സ്‌റ്റേഷനിലാണ് രക്ഷിതാക്കൾ പരാതി നൽകിയത്. സംഭവത്തിൽ, ജൂലൈ 31 ന് ബൈക്കിലെത്തിയ രണ്ട് അക്രമികൾ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചെന്ന് ബിലാസ്‌പൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജ്‌കുമാർ പറഞ്ഞു. തുടർന്ന് എങ്ങനെയോ രക്ഷപ്പെട്ട് കുട്ടി വീട്ടിലെത്തിയതായി തങ്ങൾക്ക് പരാതി ലഭിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു. കുട്ടി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തുകയും ആളുകളുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്‌തെങ്കിലും തട്ടിക്കൊണ്ടുപോയതിന്‍റെ ലക്ഷണങ്ങളോ തെളിവുകളോ ലഭിച്ചില്ല. പിന്നീട് കുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ് ഹോംവർക്ക് ചെയ്യാത്തതിനാൽ അധ്യാപകന്‍റെ ശകാരത്തിൽ നിന്ന് രക്ഷപ്പെടാൻ താൻ തന്നെ ഉണ്ടാക്കിയ ഒരു കഥയാണിതെന്ന് കുട്ടി സമ്മതിച്ചത്. എന്നാൽ, പൊലീസ് കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണെന്ന് ഡിഎസ്‌പി പറഞ്ഞു.
ചണ്ഡിഗഢിൽ വ്യാജ ബോംബ് ഭീഷണി: കഴിഞ്ഞ മാസമാണ് ചണ്ഡിഗഢിൽ ബോംബ് സ്‌ക്വാഡിനെ വലച്ച വ്യാജ ബോബ് ഭീഷണി ഉണ്ടായത്. ഡൽഹി - ജമ്മു രാജധാനി എക്‌സ്‌പ്രസിലാണ് വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് സ്‌ക്വാഡ് അഞ്ച് മണിക്കൂറോളം പരിശോധ നടത്തിയത്. അജ്‌ഞാത ഫോൺ കോൾ ലഭിച്ചതിനെ തുടർന്ന് ഹരിയാനയിലെ സോനിപത്തിൽ സർവീസ് നിർത്തിവച്ചിരുന്നു. പിന്നാലെ ജിആര്‍പിയും ആര്‍പിഎഫും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശോധന നടത്തി. ജൂലൈ 28ന് രാത്രി ഒൻപത് മണിക്ക് ആരംഭിച്ച പരിശോധന പിറ്റേന്ന് പുലർച്ചെ ഒരു മണിവരെ നീണ്ടു. തുടർന്നാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് സംഘം തിരിച്ചറിഞ്ഞത്.